മുംബൈ: ബോളിവുഡിന്‍റെ നിറഞ്ഞ പ്രതീക്ഷകളിലൊരാളായിരുന്ന സുശാന്ത് സിംഗ് രാജ്‍പുതിന് വിട. മുംബൈ വിലേപാർലെയിലുള്ള പവൻ ഹൻസ് ക്രിമറ്റോറിയത്തിൽ സഹതാരങ്ങളുടെ സാന്നിധ്യത്തിൽ സുശാന്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നു. ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രാജ്‍പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയാതെ വിലേപാർലയിലെ ശ്മശാനത്തിൽ സുശാന്തിന്‍റെ യാത്ര അവസാനിക്കുമ്പോൾ മാനത്ത് കെട്ടിനിന്ന കാർമേഘങ്ങൾ മുംബൈയിൽ പെയ്തിറങ്ങി. അച്ഛനടക്കം ഏറ്റവും അടുത്ത ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനെത്തിയത്. പറ്റ്നയിലെ കുടുബ വീട്ടിൽ നിന്ന് പുറപ്പെടും മുൻപാണ് വാർത്താ ഏജൻസിയോട് സുശാന്തിന്‍റെ അമ്മാവൻ ചില ആരോപണങ്ങൾ ഉന്നയിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ല. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ല. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം. 

സുശാന്ത് സിംഗിന്‍റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ പ്രാഥമികനിഗമനം. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് സുശാന്ത് ചികിത്സ തേടിയിരുന്ന ചില കൗൺസിലിംഗ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച മരുന്നുകളും കുറിപ്പടികളും ഫോറൻസിക് സംഘം കണ്ടെടുത്തിരുന്നു. 

Sushant Singh Rajput's Funeral: Kriti Sanon, Shraddha Kapoor, Vivek Oberoi And Others Attend

: സുശാന്തിന്‍റെ സംസ്കാരച്ചടങ്ങിനെത്തിയ കൃതി സാനോനും ശ്രദ്ധ കപൂറും

അതേസമയം, സുശാന്തിന്‍റേത് ആത്മഹത്യയെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും സിനിമാ മേഖലയിലെ വൈരം മൂലം വിഷാദത്തിലായിരുന്നുവെന്ന മാധ്യമ വാർത്തകളും അന്വേഷണ പരിധിയിലുണ്ടാവുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ് വ്യക്തമാക്കി. 

ആശുപത്രിയിലേക്ക് സുശാന്തിന്‍റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയും എത്തിയിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രി സുശാന്ത് റിയയെയും സുഹൃത്തായിരുന്ന നടൻ മഹേഷ് ഷെട്ടിയെയും വിളിച്ചിരുന്നു. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. 

 Sushant Singh Rajput's girlfriend Rhea Chakraborty visited Cooper Hospital in Mumbai on June 15, 2020. (Image: Viral Bhayani)

: കൂപ്പർ ആശുപത്രിയിലെത്തിയ റിയ ചക്രബർത്തി

ഈ മാസം ആറാം തീയതിയാണ് സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയാൻ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ പതിനാറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്‍റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും. ബന്ധുക്കൾക്ക് വിട്ട് കൊടുക്കും മുൻപ് മൃതദേഹത്തിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.   

ബോളിവുഡിൽ സുശാന്തിന്‍റെ സഹപ്രവർത്തകരായ കൃതി സാനോൻ, ശ്രദ്ധ കപൂർ, രാജ്കുമാർ റാവു വരുൺ ശർമ, വിവേക് ഒബ്‍റോയ്, രൺവീർ ഷോരെ, സംവിധായകൻ അഭിഷേക് കപൂർ, ഭാര്യ പ്രഗ്യ എന്നിവരെല്ലാം സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അഭിഷേക് കപൂർ ആണ് സുശാന്ത് സിംഗിനെ സിനിമാലോകത്തേക്ക് ആദ്യം എത്തിച്ച സംവിധായകൻ. അഭിഷേകിന്‍റെ കായ് പോ ചെ-യിലൂടെ സിനിമാലോകത്ത് കാലെടുത്ത് വച്ച് സുശാന്ത്, പിന്നീട് കേദാർനാഥിലും അഭിനയിച്ചു.