മലയാള സിനിമയുടെ സമകാലിക ചരിത്രത്തില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന രണ്ടാംഭാഗമാണ് 'ദൃശ്യം 2'. ഏഴ് വര്‍ഷം മുന്‍പെത്തിയ ആദ്യഭാഗം ജനസാമാന്യത്തിനിടയില്‍ ചെലുത്തിയ സ്വാധീനം തന്നെ അതിനു കാരണം. ആദ്യഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, അതില്‍ ഇല്ലാതിരുന്ന ചില അഭിനേതാക്കളും രണ്ടാംഭാഗത്തില്‍ ഉണ്ട്. മുരളി ഗോപിയാണ് അതിലൊരാള്‍. പൊലീസ് കാക്കിയിലാണ് മുരളി ഗോപി ചിത്രത്തില്‍ എത്തുന്നത്. കുറ്റകൃത്യം പശ്ചാത്തലമാക്കിയ 'ദൃശ്യ'ത്തിലെ പല പ്രധാന കഥാപാത്രങ്ങളും 'പൊലീസുകാര്‍' ആയിരുന്നു. വിശേഷിച്ചും സിദ്ദിഖിന്‍റെയും ആശ ശരത്തിന്‍റെയും കലാഭവന്‍ ഷാജോണിന്‍റെയും.

ചിത്രത്തിലെ തന്‍റെ ലുക്ക് പങ്കുവച്ചുള്ള മുരളി ഗോപിയുടെ നേരത്തെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കു താഴെയും ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. പക്ഷേ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഒരു തരത്തിലുള്ള സൂചനകളും ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോഴിതാ 'ദൃശ്യം 2' ചിത്രീകരണത്തിനിടെ പകര്‍ത്തിയ തന്‍റെ മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി. പതിവുപോലെ ചോദ്യങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. ആദ്യഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച 'സഹദേവനു'മായി വളരെയധികം സാമ്യം തോന്നുന്നുവെന്നും ഇരു കഥാപാത്രങ്ങള്‍ക്കും എന്തെങ്കിലും ബന്ധമുണ്ടോ എന്നുമാണ് പലര്‍ക്കും അറിയേണ്ടത്.

ഈ മാസം ആദ്യ വാരമാണ് 46 ദിവസത്തെ ചിത്രീകരണത്തിനുശേഷം ദൃശ്യം 2ന് പാക്കപ്പ് ആയത്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആദ്യ സൂപ്പര്‍താര ചിത്രവുമായിരുന്നു ഇത്. 56 ദിവസത്തേക്ക് പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടിംഗ് പത്ത് ദിവസം അവശേഷിക്കെ പൂര്‍ത്തിയായതിലുള്ള സന്തോഷം സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചിരുന്നു. ദൃശ്യത്തിനു ശേഷം അഭിനയിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ടി'ല്‍ മോഹന്‍ലാല്‍ ഇന്നലെ ജോയിന്‍ ചെയ്തിരുന്നു. അതേസമയം മുരളി ഗോപി നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. തന്‍റെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി ആദ്യമായി നിര്‍മ്മാതാവ് ആകുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ വിജയ് ബാബുവും രതീഷ് അമ്പാട്ടും സഹനിര്‍മ്മാതാക്കളായി മുരളി ഗോപിക്കൊപ്പമുണ്ട്.