രാജ്യത്ത് ഏറ്റവും ആരാധകരുള്ള ഗായകനായിരിക്കും എസ് പി ബാലസുബ്രഹ്‍മണ്യം. എല്ലാ സംഗീത സംവിധായകര്‍ക്കും പ്രിയപ്പെട്ട ഗായകനും. എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. സംഗീതത്തിനും അപ്പുറമായ ആത്മബന്ധമായിരുന്നു സംഗീത സംവിധായകൻ ഇളയരാജയും എസ് പി ബാലസുബ്രഹ്‍മണ്യവും തമ്മിലുണ്ടായിരുന്നത്. ഒട്ടേറെ ഹിറ്റുഗാനങ്ങളാണ് ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയത്.  ഇപ്പോഴിതാ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് വിടപറയാനും ഇളയരാജ ഒരു ഗാനം ഒരുക്കിയിരിക്കുന്നു.

ഇളയരാജ തന്നെയാണ് സംഗീതം നല്‍കി പാടിയിരിക്കുന്നത്. ഇന്ന് പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോ പേര്‍ കണ്ടുകഴിഞ്ഞു. എല്ലാവരും എസ് പി ബാലസുബ്രഹ്‍മണ്യം എന്ന ഗായകന്റെ വിടവാങ്ങല്‍ വലിയ നഷ്‍ടമാണ് എന്ന് പറയുന്നു. എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ വിയോഗ വാര്‍ത്തയോട് ഇളയാരാജ് കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ പ്രതികരിച്ചതും വൈകാരികമായിട്ടായിരുന്നു.  ബാലൂ, പെട്ടെന്ന് എഴുന്നേറ്റ് വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല. കേട്ടില്ല. പോയിക്കളഞ്ഞു. എങ്ങോട്ട് പോയി? ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്? ഇവിടെ ലോകം ശൂന്യമായിപ്പോയി. ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല. സംസാരിക്കാനായി വാക്കുകള്‍ വരുന്നില്ല. പറയാന്‍ കാര്യവുമില്ല. എന്ത് പറയണമെന്നുതന്നെ അറിയില്ല. എല്ലാ ദു:ഖത്തിനും ഒരു അളവുണ്ട്. ഇതിന് അളവില്ല എന്നായിരുന്നു ഇളയരാജ പറഞ്ഞത്.