കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കങ്ങള്‍ ഉമ്മൻചാണ്ടിയില്ലാതിരുന്നെങ്കില്‍ ഇത്രയും നീളില്ലെന്നായിരുന്നു വിലയിരുത്തല്‍.
ഉമ്മൻചാണ്ടിയെന്ന നേതാവില്ലാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണ കോൺഗ്രസിന് നേരിടേണ്ടിവരുന്നത്. പഠന കാലഘട്ടം മുതൽ കെ.എസ്.യു വിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം കേരളത്തിലെ കോൺഗ്രസിന്റെ നെടുനായകത്വം വരെയെത്തി നേതാവാണ് ഉമ്മൻചാണ്ടി. വീണ്ടും ഒരു പേരാട്ട കാലത്ത് ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം പാർട്ടിയെന്നതിലുപരി സാധാരണ ജനങ്ങളിൽ വരെ പ്രതിഫലിച്ചേക്കും. ഏതു വിഷയങ്ങളിലും ജനങ്ങളുടെ പ്രശ്‍നങ്ങളിൽ സൗമ്യമായി ഇടപെടുന്ന ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്നു.
നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി.
1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ഉമ്മൻചാണ്ടിയുടെ തുടക്കം. സിപിഎം എംഎൽഎയായിരുന്ന ഇ എം ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നിങ്ങനയുള്ള കാലയളവില്‍ പിന്നീട് അങ്ങോട്ട് നീണ്ട 50 വർഷത്തെ യാത്രയിൽ പുതുപ്പള്ളിയിൽ തന്നെ മത്സരം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടേണ്ട നേതാവ് കൂടിയായിരുന്നെങ്കിലും പുതുപ്പള്ളി വിട്ടുപോകാൻ ഉമ്മൻചാണ്ടി തയ്യാറായില്ല.എകെ അന്റണിയുടെ കടുത്ത അനുയായി കൂടി ആയിരുന്നു ഉമ്മൻചാണ്ടി അന്ന്. കരുണാകരൻ ആന്റണി ഗ്രൂപ്പ് പോരിൽ കരുണാകരൻ മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരുന്നു. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും ഒന്നാം ആന്റണി മന്ത്രിസഭയിലും തൊഴിൽ വകുപ്പിന്റെ ചുമതലയായിരുന്നു ഉമ്മൻചാണ്ടി വഹിച്ചിരുന്നത്. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. ആദ്യമായി മുഖ്യമന്ത്രി പദം തേടിയെത്തുന്നത് 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ്.
പുതുപ്പള്ളിയുടെ കൂഞ്ഞൂഞ്ഞ്
ഏതു സാഹചര്യത്തിലായാലും പുതുപ്പള്ളിയും അവിടുത്തെ നാട്ടുകാരും ഉമ്മൻചാണ്ടിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.ആദ്യമായി നിയമസഭാ മത്സര മുഖത്തേക്കിറങ്ങിയ ഉമ്മൻചാണ്ടിയെ പുതുപ്പള്ളി ഏറ്റെടുത്തു. പിന്നീട് ആങ്ങോട്ട് ഉമ്മൻചാണ്ടിയെ പുതുപ്പള്ളി കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം ഉമ്മൻ ചാണ്ടിക്കുള്ള ആദരവ് കൂടിയായിരുന്നു. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടിയിൽ വന്ന പ്രതിസന്ധി ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഉണ്ടാകില്ല എന്നാണ് പ്രവർത്തകരിൽ അടക്കം പ്രതികരണങ്ങൾ ഉണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ കിട്ടുന്ന സ്വീകാര്യത പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിൽ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ജനസാഗരം ഉമ്മൻ ചാണ്ടിയെന്ന നേതാവിനോടുള്ള പുതുപ്പള്ളിയിലെ ജനങ്ങൾക്കുള്ള വൈകാരിക ബന്ധം കൂടിയായിരുന്നു തുറന്ന് കാട്ടിയിരുന്നത്.
കോണ്‍ഗ്രസിന് ഇത് വലിയ വിടവ്
ഉമ്മൻചാണ്ടി ഇല്ലാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ വലിയ വിടവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ, പൂർണ്ണ ആരോഗ്യവാനല്ലങ്കിലും പാർട്ടിയെയും പ്രവർത്തകരെയും ആവേശത്തിലാഴ്ത്തി പ്രചരണത്തിൽ ഉമ്മൻചാണ്ടി ഉണ്ടായിരുന്നു. ഇത്തവണ ആ രാഷ്ട്രീയ നേതൃപാഠം ഉൾക്കൊണ്ടാണ് ചാണ്ടി ഉമ്മനും, പുറമെ മറിയാ ഉമ്മനും രംഗത്തിറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ വോട്ടായി മാറുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും സൗമ്യമായ മുഖത്തോടെയുള്ള ഉമ്മൻ ചാണ്ടിയെ മാത്രമെ ഇന്നേവരെ കാണാൻ കഴിഞ്ഞിട്ടുള്ളു. കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കങ്ങള്‍ ഉമ്മൻചാണ്ടിയില്ലാതിരുന്നെങ്കില്‍ ഇത്രയും നീളില്ലെന്നായിരുന്നു സാധാരണ പ്രവര്‍ത്തകര്‍ പോലും പറയുന്നത്.
