ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ ഉപഭോക്താവിന് 12,000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമിലൂടെ ബുക്ക് ചെയ്ത സിനിമയുടെ ഷോ റദ്ദാക്കിയത് അറിയിച്ചില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ 12,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍റേതാണ് ഉത്തരവ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയ്ക്ക് എതിരെ പരാതി നല്‍കിയത് ഹൈദരാബാദിലെ കുക്കട്പള്ളി നിവാസിയായ നാരായണന്‍ കുട്ടിഗോപാല്‍ കൃഷ്ണന്‍ ആയിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ബറോസിന്‍റെ ടിക്കറ്റ് ആണ് നാരായണന്‍ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തത്. എന്നാല്‍ തിയറ്ററില്‍ എത്തിയപ്പോള്‍ അതേസമയം മറ്റൊരു ചിത്രമാണ് കാണിക്കുകയെന്ന് അദ്ദേഹത്തിന് മനസിലായി. ബറോസിന്‍റെ ഷോ റദ്ദാക്കിയത് തന്നെ അറിയിക്കാതിരുന്നതിനെയാണ് ഉപഭോക്താവ് ചോദ്യം ചെയ്തത്.
കുക്കട്പള്ളിയിലുള്ള ഹൈദരാബാദ് ലുലു മാളിലെ സിനിപൊളിസ് മള്‍ട്ടിപ്ലെക്സില്‍ 2025 ജനുവരി 1 ന് രാവിലെ 10.50 നുള്ള ഷോ ആണ് നാരായണന്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഷോ ക്യാന്‍സല്‍ ചെയ്തുവെന്ന് തിയറ്ററില്‍ എത്തിയപ്പോള്‍ മനസിലായി. ഷോ ക്യാന്‍സലാക്കിയ വിവരം ബുക്ക് മൈ ഷോയോ തിയറ്റര്‍ മാനേജ്മെന്‍റോ തന്നെ അറിയിച്ചില്ലെന്നാണ് നാരായണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തന്‍റെ പുതുവത്സര പ്ലാനുകളെ അലങ്കോലമാക്കിയെന്നും അനാവശ്യ അസൗകര്യം ഉണ്ടാക്കിയെന്നും നാരായണന്‍ ഉപഭോക്തൃ കമ്മിഷനെ അറിയിച്ചു. പ്രേക്ഷകരെയും തിയറ്റര്‍ ഓപറേറ്റര്‍മാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് തങ്ങളെന്നും സിനിമകളുടെ പ്രദര്‍ശന സമയവും റദ്ദാക്കലുകളും ഷെഡ്യൂളിംഗും തിയറ്റര്‍ മാനേജ്മെന്‍റ് ആണ് ചെയ്യുന്നതെന്നുമായിരുന്നു കമ്മിഷനില്‍ ബുക്ക് മൈ ഷോയുടെ വാദം. പ്രസ്തുത ഷോ റദ്ദാക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് ഉപഭോക്താവിന് ടിക്കറ്റ് തുകയായ 207.14 രൂപ മടക്കി നല്‍കിയിരുന്ന കാര്യവും അവര്‍ കമ്മിഷനെ ധരിപ്പിച്ചു.
എന്നാല്‍ ഒരു സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം അതിന്‍റെ റദ്ദാക്കലോ സമയമാറ്റമോ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുന്നത് സേവനത്തിലെ ഉത്തരവാദിത്തമാണെന്നായിരുന്നു കമ്മിഷന്‍റെ നിരീക്ഷണം. ടിക്കറ്റ് തുക മടക്കിനല്‍കിയത് ഉപഭോക്താവിന് നേരിട്ട സമയ നഷ്ടത്തിനും അസൗകര്യത്തിനും പകരമാവില്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് നല്‍കാന്‍ ബുക്ക് മൈ ഷോയോട് ആവശ്യപ്പെട്ട 12,000 രൂപയില്‍ 10,000 അസൗകര്യം സൃഷ്ടിച്ചതിനുള്ള നഷ്ടപരിഹാരവും 2000 രൂപ നിയമ വ്യവഹാരങ്ങള്‍ക്ക് വന്ന ചെലവിലേക്കുമാണ്.

