നാളെയാണ് സംഘടനാ തെര‍ഞ്ഞെടുപ്പ്

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തും തെരഞ്ഞെടുപ്പിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ട് സാന്ദ്ര നൽകിയ ഇടക്കാലഹർജികളാണ് എറണാകുളം സബ് കോടതി തള്ളിയത്. എന്നാൽ നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും. എന്നാൽ ഇത് സമയം എടുക്കുമെന്നതിനാൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി. തിരിച്ചടിയല്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു.

ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലിയുമായാണ് തങ്ങള്‍ മുന്നോട്ട് പോയതെന്നാണ് ജി സുരേഷ് കുമാറിന്‍റെ പ്രതികരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ എന്നും പരിഹസിച്ചു.

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളുകയാണ് ഉണ്ടായത്. അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News