കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു. 

മുംബൈ: നടി കങ്കണ റണാവത്തിന് മുന്നറിയിപ്പ് നല്‍കി കോടതി. ഗാനരചയിതായ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ പരാമര്‍ശം. 'ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം'-കോടതി വ്യക്തമാക്കി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. അടുത്ത ഹിയറിങ്ങില്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

കങ്കണ റണാവത്തിന് അറസ്റ്റ് വാറന്റ് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്ത തവണയും അവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ പരാതിക്കാരന് ഹര്‍ജി നല്‍കാമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ അറിയിച്ചു. കേസ് കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി.

ജോലി സംബന്ധമായ തിരക്കുകള്‍ കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇത്തവണ കങ്കണക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അടുത്ത തവണ നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി അഭിഭാഷകനെ അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ടിവി അഭിമുഖത്തില്‍ കങ്കണ തന്നെ അപമാനിച്ചെന്നും തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona