Asianet News MalayalamAsianet News Malayalam

ദുരിതകാലത്തെ ഏറ്റവും കരുതലുള്ള വാക്കാണ് അത്

കൊവിഡ് തന്ന ഒരു വ്യക്തിപരമായ സങ്കടം ആദ്യം അലട്ടിയിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍.

Covid 19 Santhosh Keezhattoor write
Author
Kannur, First Published Mar 28, 2020, 4:37 PM IST

നാളേയ്‍ക്കുള്ള കരുതല്‍. അതുതന്നെയാണ് ഇപ്പോഴത്തെ ക്വാറന്റൈൻ കാലം. ചെറിയ സന്തോഷങ്ങളും ആവശ്യങ്ങളും മാറ്റിവയ്‍ക്കണം. ഭീതിയില്ലാത്ത നാളുകള്‍ക്കായി ഇപ്പോള്‍ ചെയ്യാനാകുക അതുമാത്രമാണ്. ഇരുപത്തിയൊന്ന് ദിവസത്തെ വീട്ടിലിരിപ്പ് വെറുതായാകില്ല.  ശത്രുവിനെ നമ്മള്‍ തുരത്തുക തന്നെ ചെയ്യും.Covid 19 Santhosh Keezhattoor write

ഞാനും വീട്ടിലാണ്. നാടകക്കാലത്ത് പലയിടങ്ങളില്‍ സഞ്ചരിക്കുമ്പോഴും എന്നും പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ആളായിരുന്നു ഞാൻ. നാട്ടിലെ പച്ചപ്പും വെള്ളവുമൊക്കെയാണ് നമ്മളെ ആകര്‍ഷിക്കുന്നത്.  നാട്ടില്‍ എത്തിയാല്‍ സിനിമ കാണാൻ പോകും. അമ്പലങ്ങളില്‍ പോകുക, കൂട്ടുകാരെ കാണുകയൊക്കെയുണ്ടല്ലോ. പക്ഷേ വീടിന് അതിര്‍ത്തിയിട്ട് മാറിനില്‍ക്കേണ്ട അവസ്ഥ മിക്കവരെയും പോലെ എനിക്കും ആദ്യമാണ്. നല്ല നാളെകള്‍ക്കായുള്ള കരുതല്‍ തന്നെയായിട്ടാണ് ഞാൻ അതിനെ കാണുന്നത്."

പത്തൊമ്പതിനാണ് ഞാൻ വീട്ടില്‍ എത്തിയത്. യാഥാര്‍ഥ്യത്തെ അംഗീകരിച്ച് അതിനു ശേഷം വീട്ടില്‍ തന്നെയാണ്. അഞ്ചു പേര്‍ അടങ്ങുന്ന കുടുംബം ആണ് എന്റേത്. അമ്മ അത്യാവശ്യം കൃഷിപ്പണിയൊക്കെ ചെയ്യുന്ന ആളാണ്. കീഴാറ്റൂരിലെ വയലില്‍ വിളഞ്ഞ നെല്ലുണ്ട്. കണ്ടത്തിലെ കക്കിരിയും വെള്ളരിയുമൊക്കെയുണ്ട്. അതുകൊണ്ട് എന്നത്തെയും പോലെ തന്നെ ഭക്ഷണത്തിന് മുട്ടില്ല. മുമ്പും സ്വന്തം വീട്ടുവളപ്പിലെ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ  ആഹ്വാനം അനുസരിച്ച് മകനും ഞാനും ചേര്‍ന്ന് ചെറിയ കൃഷിയും തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോധവത്‍ക്കരണത്തിനും പോയിരുന്നു. വായന മടങ്ങിവരുന്നുവെന്ന പ്രത്യേകതയുമുണ്ട്. കുറെക്കാലമായി വായന മുടങ്ങിയിരുന്നു. അലമാരയില്‍ നിന്ന് പഴയ പുസ്‍തകങ്ങളൊക്കെ എടുത്തിട്ടുണ്ട്.Covid 19 Santhosh Keezhattoor write

ജാഗ്രത മതി ഭീതി വേണ്ട എന്നാണ് നമ്മള്‍ നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല ഭീതി തന്നെ വേണം. അങ്ങനെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതി ജാഗ്രതയോടെ പെരുമാറേണ്ടിയിരിക്കുന്നു. 

ക്വാറന്റൈൻ കാലത്ത് ചില നാടക ആലോചനകളും നടക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകനെന്ന നിലയില്‍ സുരേഷ് ബാബു ശ്രീസ്‍തയുടെ  തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ സംസാരിക്കാറുണ്ട്. രണ്ട് നാടകങ്ങളുടെ രചന സംബന്ധിച്ച് ചര്‍ച്ച നടത്തി. കൊവിഡ് തന്ന ഒരു വ്യക്തിപരമായ സങ്കടവും എന്നെ ആദ്യം അലട്ടിയിരുന്നു. ഏറെക്കാലത്തിനു ശേഷം ഞാൻ സംവിധാനം ചെയ്യുന്ന ഒരു നാടകം കളിക്കാൻ നില്‍ക്കുകയായിരുന്നു. മസ്‍ക്കറ്റിലായിരുന്നു നാടകം.  ഏപ്രില്‍ മുതല്‍ നാടകം തീരുമാനിച്ചിരുന്നു. പയ്യന്നൂര്‍ സൌഹൃദ വേദിക്കു വേണ്ടിയായിരുന്നു നാടകം. അമ്പതോളം കലാകാരൻമാര്‍ പങ്കെടുക്കുന്ന നാടകം ചെയ്യാൻ പറ്റില്ലെന്ന നിരാശയുണ്ട്. പക്ഷേ ഇപ്പോഴത്തെ പ്രശ്‍നങ്ങള്‍ ഒക്കെ മാറി നാടകം ചെയ്യാമെന്ന് സംഘാടകര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ സംഗീതവും കോസ്റ്റ്യൂംസും ഒക്കെ ആലോചിക്കാനും ഇപ്പോഴത്തെ സമയം ചെലവഴിക്കുന്നു. മകൻ വരയ്‍ക്കാറുണ്ട്. അവന് പ്രോത്സാഹനവുമായും ഒപ്പം ചേരുന്നു. ദിവസവും മൂന്നുപേരെ വിളിച്ച് സംസാരിക്കും. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു.Covid 19 Santhosh Keezhattoor write

കൊവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് ആശ്വാസമാകുന്നത് സര്‍ക്കാരിന്റെ നടപടികളാണ്. ലോകത്തിനു തന്നെ മാതൃകയാകുകയാണ് നമ്മുടെ നാടും മുഖ്യമന്ത്രിയും. ഡല്‍ഹിയിലൊക്കെ കൂട്ടപാലായനത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ കാണുന്നു. അവിടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് പാലായനം ചെയ്യേണ്ടി വരുന്നു. അപ്പോഴാണ് നമ്മുടെ സര്‍ക്കാരിന്റെ സമീപനം വ്യത്യസ്‍തമാക്കുന്നത്. അതിഥിത്തൊഴിലാളികള്‍ എന്നാണ്  മുഖ്യമന്ത്രി വിളിച്ചത്. നമ്മളൊക്കെ അന്യസംസ്ഥാന തൊഴിലാളികള്‍, അല്ലെങ്കില്‍ ബംഗാളി അണ്ണൻമാര്‍ എന്നൊക്കെ പരിഹസിക്കുകയാണ് പതിവ്. ദുരിതകാലത്തെ ഏറ്റവും കരുതലുള്ള വാക്കാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. അവരെ സംരക്ഷിക്കുമെന്ന് ഉറപ്പുംതരുന്നു. അവരെ കൊണ്ടുവന്ന് ലാഭം കൊയ്‍ത മുതലാളിമാര്‍ അവരെ കുടിയിറക്കാൻ ശ്രമിക്കുമ്പോഴാണ് കരുതലുമായി മുഖ്യമന്ത്രി എത്തുന്നത്. 

ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. വടക്കേ ഇന്ത്യയിലെ എവിടെയോ ഉള്ള വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നുള്ളതാണ്. അവിടെ കുരങ്ങൻമാര്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നു.  അതുകണ്ടപ്പോള്‍ കരച്ചില്‍ വന്നിരുന്നു. അന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ആ വാക്കുകളും കേള്‍ക്കുന്നത്. കുരങ്ങൻമാരെയും മൃഗങ്ങളെയുമൊക്കെ സംരക്ഷിക്കണമെന്ന്. എന്തൊരു കരുതലാണ്. ദീര്‍ഘദര്‍ശിയായ ഒരു മുഖ്യമന്ത്രിയുള്ളത് നമ്മുടെ ഭാഗ്യമാണ്. മുഖ്യമന്ത്രി എന്താണ് പറയുന്നത് എന്ന് കേള്‍ക്കാൻ വൈകുന്നേരം എല്ലാവരും ടെലിവിഷനു മുന്നിലും ലൈവുകള്‍ക്ക് മുന്നിലുമെത്തുന്നു. എന്തു കൃത്യതയോടെയാണ് ഓരോ ദിവസവും മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇത് ഒരു ചരിത്രമാണ് എന്ന് മനസ്സിലാക്കണം.Covid 19 Santhosh Keezhattoor write

സിനിമയിലെയടക്കം സ്റ്റേജ് കലാകാരൻമാരെ പരിഗണിക്കണമെന്ന അഭ്യര്‍ഥനയുമുണ്ട്. കാരണം ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ഒക്കെ അവരുടെ തൊഴിലുണ്ടാകും. ഓട്ടോക്കാരന് അവന്റെ ഓട്ടോ അവിടെത്തന്നെയുണ്ട്. അങ്ങനെ ഓരോ തൊഴില്‍ എടുക്കുന്നവനും അവന്റെ തൊഴില്‍ ഇടങ്ങള്‍ അവിടെതന്നെ കാണും. പക്ഷേ സ്റ്റേജ് കലാകാരന് ഒരു സീസണ്‍ നഷ്‍ടപ്പെട്ടാല്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. അടുത്തവര്‍ഷത്തേയ്‍ക്ക് വേണ്ട സമ്പാദ്യം അവര്‍ എങ്ങനെ ഉണ്ടാക്കും. സിനിമയില്‍ ചെറിയ വേഷം കിട്ടിയതുകൊണ്ട് മാത്രം ജീവിക്കുന്നവരുണ്ട്. അവരെയൊക്കെ മറ്റുള്ളവരെ പോലെ തന്നെ പരിഗണിക്കും എന്നാണ് കരുതുന്നത്.

ക്വാറന്റൈൻ കാലം ഗുണകരമായി മാറട്ടെയെന്നാണ് ഞാൻ ചിന്തിക്കുന്നത്. എത്രയോ നാളായി വീടുവിട്ടിറങ്ങിയവരുണ്ടാകില്ലേ. പല പ്രശ്‍നങ്ങള്‍ കാരണം വീട്ടുകാരുമായി വഴക്കിട്ടുനില്‍ക്കുന്നവരൊക്കെ ഉണ്ടാകുമല്ലോ. അവര്‍ക്ക് വീട്ടിലേക്ക് ഉള്ള വഴി ഓര്‍മ്മ വരാനും ഇത് കാരണമായിട്ടുണ്ടാകും. മാത്രവുമല്ല നാളത്തെ ദാരിദ്ര്യത്തിന്റെ കഥ മുന്നിലേക്ക് എത്തുമ്പോള്‍ തന്നെ എത്രയോ അനാവശ്യമായ ചിലവുകള്‍ നമുക്ക് കുറയ്‍ക്കാനാകും.  പ്രകൃതിക്ക് തന്നെ തിരിച്ചുവരവിന്റെ കാലവുമാകും. ശുദ്ധമായ വായു, പച്ചപ്പ് എല്ലാം ഹൃദ്യമായി തിരിച്ചുവരാൻ കൂടിയാകട്ടെ നമ്മുടെയൊക്കെ വീട്ടിലിരിപ്പ്.

Follow Us:
Download App:
  • android
  • ios