പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യാണ് മീനയുടെ പുതിയ ചിത്രം.
ചലച്ചിത്ര താരം മീനയ്ക്കും(Meena) കുടുംബത്തിനും കൊവിഡ് 19(Covid 19). മീന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2022ൽ വീട്ടിൽ വന്ന ആദ്യ അതിഥി എന്നാണ് കൊവിഡിനെ മീന വിശേഷിപ്പിച്ചത്. പിന്നാലെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞ് കമന്‍റുകളുമായി എത്തിയത്.
‘2022ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ’, എന്നാണ് മീന കുറിച്ചത്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യാണ് മീനയുടെ പുതിയ ചിത്രം. ദൃശ്യം 2വിനു ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'അന്നമ്മ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്. 'ബ്രോ ഡാഡി' എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും ആണ് മീന അഭിനയിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
