ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഏഴാമത്തെ റാങ്ക് ആണ് കമാന്‍ഡറുടേത്

ജെയിംസ് ബോണ്ടിന് (James Bond) തുല്യം നില്‍ക്കുന്ന വിജയകരമായ ഒരു ഫ്രാഞ്ചൈസി ലോകസിനിമയില്‍ വേറെ കാണാനാവില്ല. ഇപ്പോഴത്തെ 'ബോണ്ട്' ഡാനിയല്‍ ക്രെയ്‍ഗിന്‍റെ (Daniel Craig) അവസാനചിത്രം 'നോ ടൈം റ്റു ഡൈ' (No Time To Die) തിയറ്ററുകളിലെത്താന്‍ ഒരാഴ്ച കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ ജെയിംസ് ബോണ്ട് ആയി സ്ക്രീനില്‍ ശോഭിച്ച ക്രെയ്‍ഗിന് ഒരു സവിശേഷ അംഗീകാരവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് റോയല്‍ നേവി (British Royal Navy). സ്ക്രീനില്‍ നാവികസേനാ കമാന്‍ഡര്‍ (Commander) ആയിരുന്ന ബോണ്ട് താരത്തിന് സേനയിലും അതേ പദവി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് നാവികസേന.

"ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്‍ഗിനെ റോയല്‍ നേവിയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കമാന്‍ഡര്‍ ബോണ്ട് എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള ദൗത്യങ്ങളില്‍ ബ്രിട്ടനെ സുരക്ഷിതമാക്കി നിര്‍ത്തിയ നാവികോദ്യോഗസ്ഥന്‍. അതുതന്നെയാണ് യഥാര്‍ഥ റോയല്‍ നേവിയും ദിവസേന ചെയ്യുന്നത്, ബോണ്ടിനെപ്പോലെതന്നെ സാങ്കേതികവിദ്യയും പരിചയസമ്പന്നതയും ഒരേപോലെ ഉപയോഗിച്ചുകൊണ്ട്", റോയല്‍ നേവി തലവന്‍ അഡ്‍മിറല്‍ ടോണി റദാകിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Scroll to load tweet…

ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഏഴാമത്തെ റാങ്ക് ആണ് കമാന്‍ഡറുടേത്. തന്‍റെ പേരിനൊപ്പം ഈ പദവി ഉപയോഗിക്കാന്‍ ക്രെയ്‍ഗ് തല്‍പ്പരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെയ്‍ഗിന്‍റെ ഏറ്റവും പുതിയതും അവസാനത്തേതുമായ ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈയില്‍ യുകെ മിലിറ്ററിയുടെ ചില പുതിയ ഹാര്‍ഡ്‍വെയറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ശത്രു രാജ്യങ്ങളുടെ മിസൈലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന എച്ച്എംഎസ് ഡ്രാഗണ്‍ എന്ന എയര്‍ ഡിഫന്‍സ് ഡിസ്ട്രോയര്‍, അഫ്‍ഗാനിസ്ഥാനില്‍ സമീപകാലത്ത് എയര്‍ലിഫ്റ്റിന് ഉപയോഗിച്ച സി-17 ഗ്ലോബ്‍മാസ്റ്റര്‍ കാര്‍ഗോ വിമാനം എന്നിവയൊക്കെ പുതിയ ബോണ്ട് ചിത്രത്തിലുമുണ്ട്. 

അതേസമയം കൊവിഡ് സാഹചര്യത്തില്‍ പലകുറി റിലീസ് മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം 30ന് നോ ടൈം റ്റു ഡൈ തിയറ്ററുകളില്‍ എത്തുന്നത്. 2020 ഏപ്രിലിലായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അതിനാല്‍ ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസില്‍ത്തന്നെ നിര്‍മ്മാതാക്കള്‍ ഉറച്ചുനിന്നു. കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

YouTube video player