മേളയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സജിൻ ബാബു നിർവ്വഹിക്കും
1979 മുതൽ ഹൈറേഞ്ചിലെ സാംസ്കാരിക പ്രവർത്തനത്തിന്റെ അടയാളമായി പ്രവർത്തിക്കുന്ന ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള 24, 25 തീയതികളിൽ കട്ടപ്പന സന്തോഷ് സിനിമാസിൽ നടക്കും. സമീപകാല മലയാള സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും, രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രശംസ നേടിയവയുമായ വാസന്തി, ബിരിയാണി, 1956 മധ്യതിരുവിതാംകൂർ എന്നീ മലയാള ചിത്രങ്ങളും, ഗുജറാത്തി ചിത്രം ഹെല്ലോരോയും രണ്ട് വിദേശ ചിത്രങ്ങളും ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
മേളയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30 ന് ചലച്ചിത്ര സംവിധായകൻ സജിൻ ബാബു നിർവ്വഹിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗത്തിൽ 1956 മധ്യതിരുവിതാംകൂറിന്റെ സംവിധായകൻ ഡോൺ പാലത്തറ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റിസ് ഫെഡറേഷൻ, തൃശൂർ IFFT ഫെസ്റ്റിവൽ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് 12നും, 3 നും, 6നും ആണ് ചിത്രങ്ങളുടെ പ്രദർശന സമയം. 200 രൂപയാണ് ഡെലിഗേറ്റ് ഫീസ്.
