ചെന്നൈ: തമിഴ് ചാനല്‍ പരിപാടിയില്‍ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു വിക്രമിന്‍റെ മകനും നടനുമായ ധ്രുവ് വിക്രം. അവാര്‍ഡ് നല്‍കുന്നതാകട്ടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും. താന്‍ സേതുപതിയുടെ ആരാധകനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ധ്രുവ് അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലെ സന്തോഷം മറച്ചുവച്ചില്ല. സേതുപതിക്കൊപ്പം നില്‍ക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നും ധ്രുവ് പറഞ്ഞു. അതേസമയം വിക്രമിനെപ്പോലൊരു വലിയ നടന്‍റെ മകനായി സിനിമയിലെത്തി, പ്രതീക്ഷയുടെ അമിതഭാരത്തില്‍ തന്‍റെ ഇടം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ധ്രുവിനെ അഭിനന്ദിച്ച് സേതുപതി പറഞ്ഞു. 

ഇതിനിടെയാണ് അവതാരക വിജയ് സേതുപതിയോട് ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് ചോദിച്ചത്. ഇതുകേട്ട് മടിച്ചുനിന്ന സേതുപതിയോട് 'കൊടുങ്കൊ സാര്‍' എന്ന് ധ്രുവ് ചോദിക്കുന്നുമുണ്ട്. ഇതുകേട്ടതോടെ ധ്രുവിനെ ചേര്‍ത്ത് പിടിച്ച് സേതുപതി ഉമ്മ നല്‍കി. അതേസമയം വിജയ് സേതുപതി ഏതെങ്കിലും പുരുഷന്‍മാരില്‍നിന്നെങ്കിലും ഇങ്ങനെ ഒരു ഉമ്മ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തന്‍റെ മക്കളില്‍ നിന്നെന്നും അദ്ദേഹം മറുപടി നല്‍കി. 

ധ്രുവിന്‍റെ സഹോദരിയും അമ്മയും അവാര്‍ഡ് ദാന ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ വിക്രം എത്തിയിരുന്നില്ല. അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കായ ആദിത്യ വര്‍മ്മയിലാണ് ധ്രുവ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഈ ചിത്രത്തിനാണ് ധ്രുവ് പുതുമുഖ നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. തന്‍റെ പുരസ്കാരം അച്ഛന്‍ വിക്രമിന് സമര്‍പ്പിക്കുന്നുവെന്ന് ധ്രുവ് പറഞ്ഞു.