എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രം. 

രു സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ആ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ സിനിമ വൻ വിജയം ആയാൽ ഇതിൽ മാറ്റം ഉണ്ടാകും. പരാജയം ആയാൽ നേരത്തെയും സ്ട്രീമിം​ഗ് ആരംഭിക്കും. റിലീസ് ചെയ്ത് വർഷങ്ങളായി ഒടിടിയിൽ എത്താത്ത സിനിമകളും ധാരാളമാണ്. ഒടുവിൽ അത്തരമൊരു സിനിമ ഇന്ന് മുതൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. അതും ഒരു വർഷത്തിനിപ്പുറം. 

ഉർവശി, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'അയ്യർ ഇൻ അറേബ്യ' ആണ് ആ ചിത്രം. സൺ നെക്സ്റ്റിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് അയ്യർ ഇൻ അറേബ്യ. ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഈ ആക്ഷേപഹാസ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധായകൻ തന്നെയാണ്. നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മുകേഷും ഉർവ്വശിയും ദമ്പതികളായെത്തുന്ന ഈ ചിത്രത്തിൽ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രണയിനിയായ് ദുർഗ കൃഷ്ണയും എത്തുന്നു. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും. 

ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..