ദിലീപ് ചിത്രം ഭ.ഭ.ബയുടെ ബുക്കിംഗ് ആരംഭിച്ചു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസനും പ്രധാനവേഷത്തിൽ.

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ.ഭ.ബ ഡിസംബർ 18ന് തിയറ്ററുകളിൽ എത്തുന്നു. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചു. ബുക്കിം​ഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ചിത്രം ട്രെന്റിങ്ങായിട്ടുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന് ഒപ്പം ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ അതിഥി വേഷത്തിലും എത്തും.

കോമഡി ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രമാണ് ഭ.ഭ.ബ. U/A 13+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. പിന്നാലെ വന്ന ​ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ നിർവഹിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്