മലയാളികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച എവര്‍ഗ്രീന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്.
ചില സിനിമകൾ അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും ആവർത്തന വിരസത ഒട്ടുമില്ലാതെ വീണ്ടും വീണ്ടും കാണും. അത്രത്തോളം എൻഗേജിങ്ങും എന്റർടെയ്നിങ്ങുമായിരിക്കും ആ സിനിമ. മലയാളത്തിൽ അത്തരത്തിൽ ചില ചുരുക്കം ചില സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ദിലീപ് നായകനായി എത്തിയ ഫുൾ ഓൺ കോമഡി എന്റർടെയ്നർ സിഐഡി മൂസ. ഇന്നിതാ സിനിമ റിലീസ് ചെയ്തിട്ട് 22 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്.
മലയാളികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു. ഇരുപത്തി രണ്ടാം വർഷത്തിൽ തന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് അദ്ദേഹം. "ഇന്ന് CID മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ്. ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും എല്ലാവർക്കും നന്ദി നന്ദി നന്ദി", എന്നായിരുന്നു ജോണി ആന്റണി കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് 22 വർഷം മുൻപ് സിനിമ കാണാൻ പോയ ഓർമകൾ പങ്കുവച്ച് രംഗത്ത് എത്തിയത്. "പൊലീസിന്റെ അടിയും ഇടിയും കൊണ്ട് ഒടുക്കം മൂന്നാമത്തെ തവണ രണ്ട് മണിക്കൂർ മുന്നേ പോയ് ക്യൂവിൽ നിന്ന് ടിക്കറ്റ് എടുത്ത് കണ്ട സിനിമ", എന്നാണ് ഇതിൽ ഒരാളുടെ കമന്റ്. ജോണി ആന്റണി ഇനിയും സിനിമകൾ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും ധാരാളമാണ്.
ഇതിനിടെ സിഐഡി മൂസ 2 അല്ലെങ്കിൽ റി റിലീസ് വേണമെന്ന് ആവശ്യപ്പെട്ടും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. സിഐഡി മൂസ 2 വരുമെന്ന് നേരത്തെ ജോണി ആന്റണി അറിയിച്ചിരുന്നു. എങ്ങനെ തുടങ്ങിയോ അതേ ഊർജ്ജത്തിൽ എല്ലാം ഒത്തുവന്നാൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. ഇതൊരു അനിമേഷൻ സിനിമയാണെന്ന അഭ്യൂഹങ്ങളും നടക്കുന്നുണ്ട്. 2003 ജൂലൈ 4ന് ആയിരുന്നു സിഐഡി മൂസയുടെ റിലീസ്.



