മുംബെെ: ബോളിവുഡ് നടൻ അജയ് ദേവ്​ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്​ഗൺ (45) അന്തരിച്ചു. 51 വയസ്സായിരുന്നു. സഹോദരന്റെ വിയോ​ഗത്തെക്കുറിച്ച് അജയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. 

''കഴിഞ്ഞ ദിവസം രാത്രി എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോ​ഗം ഞങ്ങൾ കുടുംബാം​ഗങ്ങളുടെ ഹൃദയം തകർത്തു. അവന്റെ അസാന്നിധ്യം ഞങ്ങൾക്കിനി വല്ലാതെ അനുഭവപ്പെടും. ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥനാ യോ​ഗം ഉണ്ടായിരിക്കുന്നതല്ല''- അജയ് കുറിച്ചു. മരണകാരണം വ്യക്തമാല്ല. 

സംഘട്ടന സംവിധായകനായ വീരു ദേവ്​ഗണിന്റെ മക്കളാണ് അജയ് ദേവ്​ഗണും അനിലും. രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയവയാണ് അനിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ.1996ൽ സണ്ണി ഡിയോളും സൽമാൻ ഖാനും നായകന്മാരായ ജീത്​ എന്ന സിനിമയുടെ സഹസംവിധായകനായാണ്​ അനിൽ ​ദേവ്​ഗൺ ബോളിവുഡിലെത്തുന്നത്​. പിന്നീട്​ അജയ്​ ദേവ്​ഗൺ അഭിനയിച്ച ജാൻ, ഇതിഹാസ്​, പ്യാർ തോ ഹോനാ ഹി താ, ഹിന്ദുസ്​ഥാൻ കീ കസം എന്നീ സിനിമകളുടെയും സഹസംവിധായകനായി. തുടർന്നാണ്​ സ്വതന്ത്ര സംവിധായകനായത്​.