25 സിനിമകൾ സംവിധാനം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് ചെന്നൈയിൽ വെച്ച് അന്തരിച്ചത്. 

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. വൈവിധ്യമാർന്ന പ്രമേയങ്ങൾ കൊണ്ട് തമിഴ് സിനിമയെ ജനകീയമാക്കിയ കാലത്തിന്റെ ഉടമയായിരുന്നു ഭാഗ്യരാജ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ് സിനിമാലോകത്തിന്റെ പോയ അരനൂറ്റാണ്ടിൽ ഭാഗ്യനക്ഷത്രമായി പലകുറി അവതരിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ്. സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ അങ്ങനെ മേൽവിലാസങ്ങൾ ഏറെയുണ്ടായിരുന്നു. അതിനമപ്പുറം തമിഴ്സിനിമയെ ചിരിയുടെ മേമ്പൊടിയോടെ, വേറിട്ടൊരുപാതയിലേക്ക് ജനകീയമായ നയിച്ച താരമെന്ന് വാഴ്ത്താണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്. സിനിമയുടെ സമസ്ത മേഖലയിലും ഒരുപോലെ തിളങ്ങിയവരിൽ മുന്നിലുണ്ട് ഭാഗ്യരാജ്. ഇടത്തരക്കാരന്റെ കഥയും കഥാപാത്രങ്ങളും വാക്കുകളുമായിരുന്നു ഭാഗ്യരാജിന്റെ കാലം.

അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെ പോലെയും സിനിമാമോഹവുമായി ഗോപിചെട്ടിപാളയം എന്ന ഗ്രാമത്തിൽ നിന്നും മദിരാശിയിലേക്ക്. പട്ടിണിയും പൈപ്പ് വെള്ളവും കൂട്ടായ കാലത്ത് നിന്ന് സിനിമ രംഗത്തെത്തി. ഭാഗമായ ആദ്യ സിനിമ മൂന്നാം ദിവസം ഷൂട്ടിംഗ് നിന്ന ഭാഗ്യദോഷം. പിന്നീട് ഭാരതിരാജ എന്ന ഇതിഹാസത്തിനൊപ്പം കൂട്ടി. പതിനാറു വയതിനെ എന്ന സിനിമയിൽ സഹായിയായും ചെറുവേഷത്തിലും സിനിമാ അരങ്ങേറ്റം. പിന്നീട് ഗുരുവും ശിഷ്യനും ചേർന്ന് തമിഴ് തിരയുലകിൽ വിസ്മയം തീർത്തു. ഭാരതിരാജ മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഭാഗ്യരാജും മടങ്ങുന്നു എന്നത് മറ്റൊരു നോവ്.

1979ൽ 'സുവരില്ലാത ചിത്രങ്ങൾ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യസംവിധായകൻ.'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. പാട്ടും ഡയലോഗും തെന്നിന്ത്യയാകെ ഹിറ്റായതോടെ തമിഴകം വിട്ടും വളർന്നു ഭാഗ്യരാജ്. 1986ൽ സാക്ഷാൽ അമിതാഭ് ബച്ചനെ നായകനാക്കി സിനിമ ചെയ്തു.

എംജിആറുമായുള്ള ചങ്ങാത്തം ഭാഗ്യരാജിന്റെ ജീവിതത്തിലെ മറ്റൊരു ഏട്. എംജിആറിന്റെ പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയെങ്കിലും തോൽവി അടഞ്ഞു. അപ്പോഴും ചേർത്തു പിടിക്കാൻ പോന്ന സൗഹൃദങ്ങൾ ഭാഗ്യരാജിനെ കാത്തു. സാക്ഷാൽ രജനികാന്തിന്റെ ജീവൻ തന്നെ രക്ഷിച്ചൊരു കഥയുണ്ട്. സിനിമാജീവിതത്തിന്‍റെ അരനൂറ്റാണ്ട് ആഘോഷിച്ച വേളയിൽ രജനി ആ കഥ പറഞ്ഞു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലും പ്രധാനവേഷത്തിലെത്തി. നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming