മുംബൈ: ബോളിവുഡില്‍ നിന്നും രാജിവച്ചതായി സംവിധായകന്‍ അനുഭവ് സിന്‍ഹ. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് അനുഭവ് തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. ഇദ്ദേഹം ട്വിറ്ററിലെ തന്‍റെ പേരിനൊപ്പം ഇപ്പോള്‍  ബ്രാക്കറ്റില്‍ 'നോട്ട് ബോളിവുഡ്' എന്നും ചേര്‍ത്തിട്ടുണ്ട്.

അനുഭവിന്‍റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ച് സംവിധായകരായ സുധീര്‍ മിശ്ര, ഹന്‍സല്‍ മേത്ത എന്നിവരും രംഗത്ത് എത്തിയിട്ടുണ്ട്. മതിയായി, ഞാന്‍ ബോളിവുഡില്‍ നിന്നും രാജിവയ്ക്കുന്നു എന്നതായിരുന്നു അനുഭവിന്‍റെ ആദ്യത്തെ   ട്വീറ്റ്. പിന്നാലെ ട്വിറ്ററിലെ പേരും മാറ്റി.

 

ആര്‍ട്ടിക്കിള്‍ 15 ന്‍റെ സംവിധായകനായ അനുഭവ് സിന്‍ഹ അടുത്തിടെ ഏറെ ചര്‍ച്ചയായ ബോളിവുഡിലെ സ്വജനപക്ഷപാദത്തിനെതിരെ ശക്തമായ നിലപാട് എടുത്ത് ശ്രദ്ധേയനാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ബോളിവുഡില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്‍റെ പുതിയ മുഖമാണ് സിന്‍ഹയുടെ നടപടി എന്നാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്.