കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, വി.ഡി സതീശന് പിന്തുണയുമായി സംവിധായകൻ ഭദ്രൻ. പോരാട്ടത്തിന് നേതൃത്വം നൽകിയ സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ കേരളത്തിൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ഇതിന്റെ മുന്നണിയിൽ തന്നെ പോര് കടുത്തിട്ടുണ്ട്. പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെയും രം​ഗത്ത് എത്തുകയാണ്. ഇപ്പോഴിതാ നടൻ സിദ്ദിഖിന് പിന്നാലെ വി.ഡി സതീശനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഹൈക്കമാന്റിനോട് അഭ്യർത്ഥനയെന്ന് പറഞ്ഞ് തുടങ്ങിയ ഭദ്രൻ, പോർമുഖത്ത് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതെന്ന് പറഞ്ഞു.

"ഹൈക്കമാന്‍ഡിനോട് ഒരു അഭ്യർത്ഥന. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലെൻഡർ ആയി തീരും", എന്നായിരുന്നു ഭദ്രന്റെ വാക്കുകൾ.

പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റായി രേഖപ്പെടുത്തിയത്. "കളി ജയിച്ചാൽ കപ്പുയർത്തേണ്ടത് ടീമിനെ നയിച്ച ക്യാപ്റ്റനാണ്. അല്ലാതെ കളി നിയന്ത്രിച്ച റഫറി അല്ല. വി.ഡിക്കൊപ്പം", എന്നാണ് ഒരാളുടെ കമന്‍റ്. “കെ സി യെ കൊണ്ട് വന്നു ഇവിടെ പ്രതിഷ്ടിക്കാൻ ആണ് ഉദ്ദേശം എങ്കിൽ അടുത്ത ഇലക്ഷന് പ്രതിപക്ഷം ഇവിടെ ബിജെപി ആയിരിക്കും എഴുതി വെച്ചോ സിപിഎം വീണ്ടും ഭരണം പിടിക്കും ബിജെപി പ്രതിപക്ഷം ആകും കോൺഗ്രസ്‌ പിന്നെ ഒരിക്കലും തല പൊക്കില്ല, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഒക്കെ നിങ്ങളുടെ മുന്നിൽ പാഠമായുണ്ട്. വി.ഡി അല്ലാതെ വേറെ ആരെ സിഎം സ്ഥാനത്തേക്ക് കൊണ്ടുവന്നാലും പിന്നെ നിങ്ങൾ കേരളം മറന്നേക്കൂ”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming