കൊവിഡ് 19ന് എതിരെ പ്രതിരോധം തീര്‍ത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ജയരാജ്. ദേശാടനം എന്ന സിനിമയിലെ ഗാനത്തിന് പുതിയ ആവിഷ്‍കാരവുമായാണ് ജയരാജ് ആദരവ് അര്‍പ്പിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗാനമാണ് ജയരാജ് പുതിയതായി ആവിഷ്‍ക്കരിച്ചിരിക്കുന്നത്. കളിവീടുറങ്ങിയല്ലോ എന്ന ഗാനമാണ് ആദരവ് അര്‍പ്പിക്കാൻ ജയരാജ് തെരഞ്ഞെടുത്തിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ആ ഗാനം ഇപ്പോഴത്തെ അവസ്ഥയെയും പ്രതിഫലിപ്പിക്കുകയാണ്. വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടി അവിടെയില്ലാതിരിക്കുമ്പോഴുള്ള സങ്കടം പ്രതിഫലിക്കുന്നതായിരുന്നു കളിവീടുറങ്ങിയല്ലോ എന്ന ഗാനം. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് വിട്ടുനിന്ന് അവരുടെ പ്രിയപ്പെട്ടവരെ അകന്നുനില്‍ക്കേണ്ട അവസ്ഥയായത് ആണ് പാട്ടിലൂടെ പ്രതിഫലിപ്പിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം പകര്‍ന്ന് യേശുദാസ് അന്ന് പാടി ഹിറ്റാക്കിയ ഗാനം ഇപ്പോള്‍ ആലപിച്ചിരിക്കുന്നത് അഖില ആനന്ദ് ആണ്. അഖില ആനന്ദ് ഗാനത്തിന്റെ  വീഡിയോയില്‍ അഭിനയിച്ചിട്ടുമുണ്ട്.