മുംബൈ: ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താരസാന്നിധ്യമായിരുന്നു നടി ശ്രീദേവി. തന്റെ വേറിട്ട അഭിനയശൈലികൊണ്ട് ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രലോകത്തും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം ആരാധകർക്ക് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയില്‍ മലയാളമുൾപ്പടെ വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി വേഷമിട്ടിട്ടുണ്ട്. 

ഇപ്പോഴിതാ, താരത്തിന്റെ 56-ാം ജന്മവാര്‍ഷികം കടന്നു പോകുമ്പോള്‍ അവരെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ് സംവിധായകൻ കരൺ ജോഹർ. 'ശ്രീദേവി- ദി എറ്റേണൽ സ്ക്രീൻ ​ഗോഡസ്' എന്ന പേരിലാണ് പുസ്തകം പുറത്തിക്കുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ സത്യാര്‍ഥ് നായക്ക് രചിച്ച പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്. നടി ദീപിക പദുക്കോൺ ആണ് ദില്ലിയിൽ വച്ച് നന്ന പരിപാടിയിൽ പുസ്തകം പ്രകാശനം ചെയ്തത്.

പുസ്തകം പുറത്തിറക്കുന്നതിനെ കുറിച്ച് കരൺ ട്വീറ്റ് ചെയ്തിട്ടുണ്ട്. ''എന്റെ എല്ലാകാലത്തെയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്ത് മറ്റാരേയും പ്രതിഷ്ഠിക്കാനാകില്ല. അതിശയകരമായ അവരുടെ സിനിമാ ജീവിതത്തെക്കുറിച്ചും, അഭിനയിച്ച സിനിമകളെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം'', കരൺ ട്വീറ്റിൽ കുറിച്ചു. ഈ മാസം 22നാണ് മുംബൈയിൽ പുസ്തകം പുറത്തിറക്കുക. 

അതേസമയം, പുസ്തകം എഴുത്തുന്നതിന് പിന്നാലെ കാരണം സത്യാർഥും വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാന്‍. അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. അവരുടെ ഓര്‍മകളിലൂടെ, ഒരു ബാലതാരം എന്ന നിലയില്‍ നിന്നും ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാറിലേയ്ക്കുള്ള യാത്രയാണ് പ്രതിപാദിക്കുന്നതെന്നും സത്യാര്‍ഥ് നായക് പറഞ്ഞു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സമ്മതത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.   

2018 ഫെബ്രുവരി 24നായിരുന്നു ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, കൃത്യമായ മരണകാരണം ഇന്നും വ്യക്തമല്ല.