Asianet News MalayalamAsianet News Malayalam

'വെള്ളം' ഒടിടി റിലീസ് ആണോ? സംവിധായകന്‍റെ മറുപടി

ഏത് ഘട്ടത്തിലാണ് ചിത്രം ഇപ്പോള്‍? തീയേറ്ററുകള്‍ തുറന്നിട്ടു മതി റിലീസ് എന്നാണോ, അതോ ഒടിടി റിലീസ് ആലോചിക്കുന്നുണ്ടോ? സിനിമാപ്രേമികളുടെ ഈ ചോദ്യങ്ങള്‍ക്ക് പ്രജേഷ് സെന്‍ മറുപടി പറയുന്നു

director prajesh sen about vellam release
Author
Thiruvananthapuram, First Published Sep 15, 2020, 10:28 PM IST

'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമായ 'വെള്ളം' അക്കാരണം കൊണ്ടുതന്നെ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് റിലീസ് മാറ്റിവെക്കേണ്ടിവന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് 'വെള്ള'വും. എന്നാല്‍ ഏത് ഘട്ടത്തിലാണ് ചിത്രം ഇപ്പോള്‍? തീയേറ്ററുകള്‍ തുറന്നിട്ടു മതി റിലീസ് എന്നാണോ, അതോ ഒടിടി റിലീസ് ആലോചിക്കുന്നുണ്ടോ? സിനിമാപ്രേമികളുടെ ഈ ചോദ്യങ്ങള്‍ക്ക് പ്രജേഷ് സെന്‍ മറുപടി പറയുന്നു.

'വെള്ള'ത്തെക്കുറിച്ച് പ്രജേഷ് സെന്‍

വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ, സിനിമാ പ്രേമികളേ. നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ
ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്. പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇപ്പോൾ ലോക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തീയറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ശുഭവാർത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ. 

കാര്യത്തിലേക്ക് വരാം. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്. കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ, വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്‍റെ തീരുമാനം. സെൻട്രൽ പിക്ചേഴ്സ് ആണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്. പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാൽ,തീയറ്റർ എക്സിപീരിയൻസ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്. പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ. എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം. കൂടുതൽ ശുഭ വാർത്തകൾ ഉടൻ.

സ്നേഹപൂർവം
വെള്ളം ടീമിന് വേണ്ടി
ജി. പ്രജേഷ് സെൻ

Follow Us:
Download App:
  • android
  • ios