വീട്ടിൽ നിന്നും വിവാഹത്തിന് സമ്മർദ്ദങ്ങളില്ലെന്നും, തന്റെ തീരുമാനങ്ങളെ അവർ ബഹുമാനിക്കുന്നുണ്ടെന്നും ദിവ്യ പ്രഭ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. Divya Prabha on Marriage, Family and Partnership
കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത് ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യ പ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെന്ന്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ധങ്ങളില്ലെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.
"പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്." ദിവ്യ പ്രഭ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം.



