സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല

തിരുവനന്തപുരം : ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൻമേൽ കേസെടുത്തിരിക്കുന്നത്.

എന്നാൽ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്ന രീതിയിലുള്ള സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന ബൂട്ടീക്കിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി.

സംഭവങ്ങളുടെ തുടക്കമിങ്ങനെ

ബുട്ടീക്കിന്റെ പേരിൽ വ്യാജ ക്യു.ആർ കോഡ് വഴി പണം തട്ടുന്നുണ്ടെന്നും തട്ടിപ്പിനിരയായാൽ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ദിയ കൃഷ്ണ നേരത്തെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. വ്യാജ ക്യൂആർ കോഡിൽ പണം നൽകിയെന്ന് നിരവധി പേർ സമീപിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായതെന്ന് ദിയ പറയുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരികളാണ് അവരുടെ പേയ്മെന്റ് ക്യൂ.ആർ.കോഡുകൾ കസ്റ്റമേഴ്സിന് നൽകി പണം തട്ടിയതെന്നാണ് ദിയ പറയുന്നത്. തട്ടിപ്പ് തിരിച്ചറി‍ഞ്ഞതോടെ ജീവനക്കാരികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും, പണം തട്ടിയത് ഇവർ സമ്മതിച്ചെന്നും കൃഷ്ണകുമാർ പറയുന്നു.