ഷാരുഖിന്റെ ഊർജനില ഇപ്പോൾ 20 വർഷം മുമ്പത്തേക്കാൾ ഉയർന്നതാണ്. മുടിയിഴകൾ കൂടുതൽ യുവത്വം പ്രകടിപ്പിക്കുന്നതാണ്. ചുളിവുകൾ പ്രഗത്ഭർക്ക് പോലും കണ്ടുപിടിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ദില്ലി: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ 60-ാം പിറന്നാൾ വലിയ ആഘോഷമായി മാറിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരാധകരും താരത്തിന് ജന്മദിനാശംസകൾ നേർന്നു. ഇതിനിടെയിലാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്‍റെ കലക്കൻ പിറന്നാൾ ആശംസ ഏവരുടെയും മനം കവർന്നത്. ഷാരൂഖിന്‍റെ 60 വയസ് അങ്ങേയറ്റം സംശയാസ്പദമാണെന്നാണ് തരൂർ രസകരമായി പറഞ്ഞുവച്ചത്. 'ബോളിവുഡിന്റെ യഥാർത്ഥ കിംഗിന്‍റെ' 60 വയസ് പ്രായം സംശയാസ്പദമാണെന്ന് തമാശരൂപേണ ചൂണ്ടിക്കാട്ടിയ തരൂർ, ഇതിനുള്ള 3 പ്രധാന തെളിവുകളും മുന്നോട്ടുവച്ചു. ഷാരുഖിന്റെ ഊർജനില ഇപ്പോൾ 20 വർഷം മുമ്പത്തേക്കാൾ ഉയർന്നതാണ്. മുടിയിഴകൾ കൂടുതൽ യുവത്വം പ്രകടിപ്പിക്കുന്നതാണ്. ചുളിവുകൾ പ്രഗത്ഭർക്ക് പോലും കണ്ടുപിടിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുതാ പരിശോധകരും ഫോറൻസിക് വിദഗ്ധരും ചേർന്ന സ്വതന്ത്ര സംഘം പോലും ഷാരൂഖിന്റെ പ്രായത്തിന് തെളിവ് കണ്ടെത്തിയില്ലെന്ന് തരൂർ കുറിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച ആശംസയിൽ, ഷാരുഖിന്റെ യൗവനം നിലനിർത്തുന്നത് 'ബെഞ്ചമിൻ ബട്ടൺ' സിനിമയുടെ റിയൽ ലൈഫ് പതിപ്പാണോ എന്ന് തരൂർ ചോദിക്കുന്നു. താരത്തിന്റെ പ്രായം പിന്നോട്ട് സഞ്ചരിക്കുന്നതായും തരൂർ അഭിപ്രായപ്പെട്ടു. 'സ്വതന്ത്ര ഫാക്ട് ചെക്കർമാരുടെയും ഫോറൻസിക് ഡിറ്റക്ടീവുകളുടെയും പരിശോധനയിൽ നരച്ച മുടി, പ്രായത്തിന്റെ ലക്ഷണങ്ങൾ, മന്ദഗതിയിലുള്ള ചലനങ്ങൾ എന്നിവയൊന്നും കണ്ടെത്താനായില്ല' എന്നും തരൂർ രസകരമായി കുറിച്ചിട്ടുണ്ട്. '70 -ാം ജന്മദിനമാകുമ്പോൾ ടീനേജ് റോളുകൾക്ക് ഓഡിഷൻ നൽകുന്ന നിലയിലെത്തുമോ' എന്നും തരൂർ തമാശയോടെ ചോദിച്ചു.

ഷാരുഖിന്‍റെ മറുപടി എന്താകും

'ഫിസിക്സിനെയും ബയോളജിയെയും വെല്ലുവിളിച്ച് ഞങ്ങളെ എന്നും ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കൂ' എന്നും പറഞ്ഞുകൊണ്ടാണ് തരൂർ ആശംസ പോസ്റ്റ് അവസാനിപ്പിച്ചത്. ഷാരുഖിന്റെ ആരാധകർ ഈ പോസ്റ്റ് വൈറലാക്കി മാറ്റിയിരിക്കുകയാണ്. തരൂരിന്‍റെ ആശംസയോട് ഷാരുഖ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഈ തമാശയ്ക്ക് മറുപടിയായി ഒരു യുവത്വ ട്വിസ്റ്റ് പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ പക്ഷം.

പിറന്നാൾ ദിനത്തിൽ കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസറെത്തി

ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്.