പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3-ന്റെ റിലീസ് തീയതി മാറ്റി

മലയാളത്തില്‍ നിന്നുള്ള ഏറ്റവും കാത്തിരിപ്പേറ്റിയ അപ്കമിംഗ് റിലീസ് ആയ ദൃശ്യം 3 ന്‍റെ റിലീസ് നീട്ടി. ഏപ്രില്‍ 2 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ ഈ തീയതിയില്‍ ചിത്രം എത്തില്ല. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പശ്ചിമേഷ്യല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന സിനിമകളുടെ റിലീസുകള്‍ നീട്ടിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘര്‍ഷം മലയാള ചിത്രങ്ങളുടെ ഗള്‍ഫ് റിലീസിനെ ബാധിക്കും എന്നതാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ കാരണമായി പറഞ്ഞിരുന്നത്. പിന്നാലെയാണ് ആശിര്‍വാദിന്‍റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.

Add Asianetnews as a Preferred SourcegooglePreferred

ഈ തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനം കൂടിയാണ് ഇത്. ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു എന്നാണ് പോസ്റ്ററിനൊപ്പം ആശിര്‍വാദ് സിനിമാസ് പങ്കുവച്ചിരിക്കുന്നത്. ഇതിലെ ആദ്യ വാചകം ദൃശ്യം 3 ന്‍റെ പരസ്യവാടകം തന്നെയാണ്. റിലീസ് മാറ്റാനുള്ള കാരണം എന്താണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ചിത്രത്തിനായുള്ള കാത്തിരിപ്പ് നീളുന്നു എന്നത് ആരാധകരെ ഒട്ടൊക്കെ നിരാശപ്പെടുത്തുന്നതാണ്. ജയസൂര്യ നായകനായ ആട് 3 ന്‍റെ റിലീസ് പറഞ്ഞ ഡേറ്റില്‍ സംഭവിച്ചതും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നതുമൊക്കെ മലയാളത്തിലെ മറ്റ് അപ്കമിംഗ് റിലീസുകളും പ്രഖ്യാപിച്ച സമയത്തു തന്നെ വരാന്‍ കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ഉണ്ടാവില്ലെന്നാണ് ദൃശ്യം 3 യുടെ റിലീസ് നീട്ടല്‍ പറയുന്നത്.

ഒരു ജഗപൊഗ പ്രതീക്ഷിച്ച് തിയറ്ററുകളിലേക്ക് എത്തരുതെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News