ഔദ്യോഗിക സ്ഥിരീകരണം കാത്ത് ചിമ്പു ആരാധകര്‍

മലയാളം ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സമീപകാല ഹിറ്റ് തമിഴ് ചിത്രം 'മാനാടി'ലെ കൈയടി നേടിയ കോമ്പിനേഷനായ ചിലമ്പരശനും എസ് ജെ സൂര്യയുമാവും റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാലു, സ്കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആവും സംവിധായകന്‍. മലയാളം ഒറിജിനലില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഇവ.

റീമേക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എസ്‍ടിആര്‍ ആരാധകര്‍ ഇത് ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Scroll to load tweet…

കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണം. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് 2019ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു ചിത്രം.