കൊച്ചി: ലഹരി മരുന്നുതേടി സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് പരിശോധന നടത്തി. സംസ്ഥാനത്തെ ചില സിനിമകളുടെ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്സൈസ് വിഭാഗം അറിയിച്ചു. എക്സൈസ് അസി. കമ്മീഷണര്‍ ദാം ക്രിസ്റ്റി ഡാനിയേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 'പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പക്ഷേ വരും ദിവസങ്ങളിലും പരിശോധനയിൽ  തുടരും. ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ല.' നിരോധിച്ച മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഏത് ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ പരിശോധന നടത്തിയതായാണ് വിവരം. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവേ നിര്‍മ്മാതാക്കളുടെ സംഘടന,സിനിമാ ലൊക്കേഷനുകളില്‍ വ്യാപകമായ ലഹരിയുപയോഗമുണ്ടെന്നും പൊലീസ് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് പരിശോധന ആരംഭിച്ചത്.