വേഫേറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കൊപ്പം പ്രവര്‍ത്തിച്ച് സിനിമയിലേക്ക് എത്തിയ ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളാണ് സ്വന്തമായി ഒരുക്കിയത്. മൂന്നാമത്തെ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ നാലാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍.

വേഫേറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാവും ഒരുങ്ങുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മറ്റു താരങ്ങളെക്കുറിച്ചോ സാങ്കേതിക പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. അതേതായാലും പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനും താരവും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉയര്‍ത്തും എന്ന കാര്യം ഉറപ്പാണ്. 

അതേസമയം ദുല്‍ഖറിന്‍റെ വരാനിരിക്കുന്ന ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസ് ആണ്. ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇത്. ജേക്സ് ബിജോയ്, ഷാൻ റഹ്‍മാന്‍ എന്നിവരാണ് ഈ ചിത്രത്തിന്‍റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പി ആർ ഓ പ്രതീഷ് ശേഖർ.

ALSO READ : 'ആ സ്വപ്‍നത്തിനുവേണ്ടിയാണ് ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്'; മോഹന്‍ലാലിനോട് സാഗര്‍ സൂര്യ