സിനിമാ മേഖലയില്‍ ഒപ്പമഭിനയിച്ച പല താരങ്ങളുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നസ്രിയ. നസ്രിയയോയുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ളയാളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ നസ്രിയയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്‍റെ വാക്കുകള്‍. ഇരുവരും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‍സിലെ ലൊക്കേഷന്‍ ചിത്രമാണ് പോസ്റ്റില്‍ ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. 

"മറ്റൊരു അച്ഛന്‍റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്‍മയകരമായ ഒരു പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയ. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അണ്ടെ സുന്ദരാനികി' എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. റൊമാന്‍റിക് കോമഡി ചിത്രത്തില്‍ നാനിയാണ് നായകന്‍. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. മലയാളത്തില്‍ നസ്രിയയുടെ അവസാനത്തെ മുഴുനീള റോള്‍ അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സി'ല്‍ ആയിരുന്നു. ദുല്‍ഖര്‍ നിര്‍മ്മിച്ച 'മണിയറയിലെ അശോകനി'ല്‍ അതിഥിതാരമായും നസ്രിയ എത്തിയിരുന്നു.