Asianet News MalayalamAsianet News Malayalam

'ഈശോ' എന്ന പേര് തള്ളി ഫിലിം ചേംബര്‍; നാദിര്‍ഷാ ചിത്രത്തിന്‍റെ രജിസ്ട്രേഷന്‍ അപേക്ഷ തള്ളി

സിനിമകളുടെ തിയറ്റര്‍ റിലീസിന് ചേംബറിന്‍റെ അനുമതി വേണമെങ്കിലും ഒടിടി റിലീസിന് ചേംബര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല

eesho movie name registration application dismissed by kerala film chamber
Author
Thiruvananthapuram, First Published Aug 27, 2021, 9:29 AM IST

പേരിനെച്ചൊല്ലി വിവാദമുയര്‍ന്ന നാദിര്‍ഷ ചിത്രത്തിന് 'ഈശോ' എന്ന പേര് നല്‍കാനാവില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഫിലിം ചേംബറില്‍ ഇതു സംബന്ധിച്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്ട്രേഷന്‍ അപേക്ഷ തള്ളിയിരിക്കുന്നത്. 

സിനിമകളുടെ തിയറ്റര്‍ റിലീസിന് ചേംബറിന്‍റെ അനുമതി വേണമെങ്കിലും ഒടിടി റിലീസിന് ചേംബര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. ഒടിടി റിലീസില്‍ 'ഈശോ' എന്ന പേര് ഉപയോഗിക്കുന്നതിനും സാങ്കേതിക തടസ്സമില്ല.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. 'ഈശോ', നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക നമിത പ്രമോദ് ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന 'ഈശോ'യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios