ദില്ലി: പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ രാജ്യത്തിന്റെ പലഭാ​ഗങ്ങളിലായ ചലച്ചിത്രമേഖലയിൽനിന്നുള്ളവർ ഉൾപ്പടെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പാർവ്വതി തിരുവോത്ത്, സിദ്ധാർത്ഥ്, ഫർഹാർ അക്തർ, സ്വര ഭാസ്കർ‌, ഹിമ ഖുറേഷി, അനുരാ​ഗ് കശ്യപ്, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ പ്രതിഷേധകാർക്കൊപ്പം തെരുവിലിറങ്ങി. പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ രൂക്ഷവിമർശനമാണ് താരങ്ങളടക്കം ഉന്നയിക്കുന്നത്.

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ വന്നെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗിന്റെ ട്വീറ്റ് പരാമര്‍ശിച്ചുകൊണ്ടാണ് അനുരാ​ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സെക്ഷന്‍ 144 ആണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളതെന്നും പൊതു സ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണെന്നുമായിരുന്നു ഡിജിപിയുടെ ട്വീറ്റ്. കുട്ടികളെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ  പറഞ്ഞുമനസ്സിലാക്കണമെന്നും ട്വീറ്റിലുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിലും അതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയിലും നേരത്തയും അനു​രാ​ഗ് കശ്യപ് പ്രതിഷേധമറിയിച്ച് രം​ഗത്തെത്തിയിരുന്നു. ഇനിയും നിശബ്ദനായി തുടരാനാവില്ലെന്നും ഇത് തീര്‍ച്ഛയായും ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ആണെന്നും അനുരാഗ് ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിനെതിരേ മിക്കപ്പോഴും പ്രതികരിച്ചിരുന്ന അനുരാഗ് കാശ്യപ് വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Read More: ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല, ഇതൊരു ഫാസിസ്റ്റ് സര്‍ക്കാര്‍: അനുരാഗ് കാശ്യപ്

അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കഴിഞ്ഞ ഓഗസ്റ്റ് പത്തിന് അദ്ദേഹം ട്വിറ്റര്‍ വിട്ടിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ അദ്ദേഹം ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത്.