ന്യൂയോര്‍ക്ക്: ഗെയിം  ഓഫ് ത്രോണ്‍സ് എന്ന വിഖ്യാതമായ സീരിസിലൂടെ താരമായ നടിയാണ് എമിലിയ ക്ലാര്‍ക്ക്. ഈ വര്‍ഷം അവസാനിച്ച ഗെയിം ഓഫ് ത്രോണ്‍സിലെ ഡനേരീയസ് ടാര്‍ഗേറിയന്‍ എന്ന വേഷം ഇവര്‍ക്ക് ലോകമെങ്ങും വലിയ ആരാധക വൃദ്ധത്തെയാണ് സൃഷ്ടിച്ചത്. ഇതില്‍ തന്നെ ഇവരുടെ നഗ്നരംഗങ്ങളും മറ്റും ഏറെ പ്രശസ്തമായിരുന്നു. 

എന്നാല്‍ ഗെയിം ഓഫ് ത്രോണ്‍സ് പുരോഗമിക്കുമ്പോള്‍ നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കു മേല്‍ ആവര്‍ത്തിച്ച് സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്  എമിലിയ ക്ലാര്‍ക്ക്. എന്നാല്‍ താന്‍ പലപ്പോഴും അത് വിസമ്മതിച്ചു. സീസണ്‍ 6ലാണ് താന്‍ അവസാനമായി ഗെയിം ഓഫ് ത്രോണ്‍സിന് വേണ്ടി നഗ്നരംഗം ചെയ്തത് എന്നും എമിലിയ പറയുന്നു. . നഗ്നതയുടെ അടയാളമായും പ്രതീകമായും തന്നെ വാഴ്ത്താനും അരാധകര്‍ അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും പലരും ശ്രമിച്ചിട്ടുണ്ടെന്നും എമിലിയ പറയുന്നു. 

നഗ്നരംഗം അഭിനയിക്കാമെന്ന് താന്‍ വാക്കു കൊടുത്തിരുന്നില്ല. നേരത്തെ പറഞ്ഞുറപ്പിച്ച സ്ക്രിപ്റ്റില്‍ അങ്ങനെയൊരു രംഗം ഉണ്ടായിരുന്നുമില്ല. എന്നിട്ടും ആ രംഗത്തില്‍ താന്‍ അഭിനയിക്കുകതന്നെ വേണമെന്നാണ് ആവശ്യം ഉയര്‍ന്നതെന്നാണ് എമിലിയ വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ വിസമ്മതിച്ചു.

എന്നാല്‍ തന്‍റെ ആദ്യ സീസണില്‍ ഇതായിരുന്നില്ല അവസ്ഥ എന്ന് ഇവര്‍ തുറന്നു പറയുന്നു. ഡ്രാമ സ്കൂളില്‍നിന്നു വന്ന തനിക്ക് അഭിനയവും യഥാര്‍ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. അയച്ചുതന്ന സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ ചില രംഗങ്ങളുടെ പ്രാധാന്യവും ആ രംഗങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കാനുമാകും. ഒരു സിനിമയുടെ കഥയ്ക്കും കഥാപാത്രത്തിനും അത്യാവശ്യമാണെങ്കില്‍ ഒഴിവാക്കാനാകാത്ത ചില രംഗങ്ങളില്‍ അഭനിനയിച്ചേ പറ്റൂ. അങ്ങനെയുള്ളപ്പോള്‍ ഒരു ജോലിയായിത്തന്നെ കരുതി തന്റെ വേഷം ഭംഗിയാക്കുകയാണ് ചെയ്യുന്നതെന്നും എമിലിയ പറയുന്നു. 

എന്നിട്ടും ആദ്യ സീസണില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട ഘട്ടങ്ങള്‍ വന്നപ്പോള്‍ താന്‍ ആകെ പരിഭ്രമിച്ചിരുന്നുവെന്നും എമിലിയ വെളിപ്പെടുത്തുന്നു. ഒരു കൂട്ടം ആളുകളുടെ മുന്നില്‍, അതും അപരിചിതരുടെ മുന്നില്‍ നഗ്നയായി നില്‍ക്കുക, ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുക എല്ലാം വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരുന്നു. പലപ്പോഴും ചില രംഗങ്ങളുടെ അവസാനത്തില്‍  വാഷ് റൂമിലേക്ക്  ഓടുകയായിരിക്കും. അവിടെ ആരും കാണാതെ നിന്ന് കരഞ്ഞിട്ടുപോലുമുണ്ടെന്നും നടി പറയുന്നു. 

എന്നാല്‍ ആദ്യ സീസണില്‍ തനിക്ക് ഇതെല്ലാം ചെയ്യാന്‍ ധൈര്യം തന്നത് സഹതാരം ജേസന്‍ മോമ ആയിരുന്നു. ചില രംഗങ്ങള്‍ കഠിനമായിരുന്നു. പലപ്പോഴും ജേസന്‍ ആശ്വസിപ്പിച്ചിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സില്‍ ഡനേരീയസ് ടാര്‍ഗേറിയന്‍റെ ഭര്‍ത്താവ് കാള്‍ ഡ്രോഗോയുടെ വേഷമായിരുന്നു ജേസന്‍ മോമയ്ക്ക്. ഇതിന് ശേഷം അക്വാമെന്‍ പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജേസന്‍ മോമ.