മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
മലയാളത്തില്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് പ്രധാന കാരണം. ബഹുഭാഷകളില്‍ വന്‍ പ്രീ റിലീസ് പ്രൊമോഷനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രേക്ഷക സ്വീകാര്യത പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെങ്കിലും മലയാളത്തില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി. ഏപ്രില്‍ 24 ന് ചിത്രം ഒടിടിയിലും എത്തി. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൗതുകകരമായ ഒരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രം ഒരു തിയറ്ററില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് അത്! എന്നാല്‍ കേരളത്തിലല്ല ഇത്, മറിച്ച് ഉത്തര്‍ പ്രദേശില്‍ ആണ്.
ഉത്തര്‍ പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് എന്ന തിയറ്ററിലാണ് എമ്പുരാന്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് കാണാനാവുക. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം ചിത്രത്തിന്‍റെ ഇന്നത്തെ ടിക്കറ്റുകള്‍ ലഭ്യമാണ്. അതേസമയം ബുക്ക് മൈ ഷോയില്‍ ഇന്ന് ഒരു ദിവസത്തെ ടിക്കറ്റുകള്‍ മാത്രമാണ് ദൃശ്യമാവുന്നത്. അതിനാല്‍ ഇത് ഒരു ഗ്യാപ്പ്/ ഫില്ലര്‍ പടമായി എത്തിയിരിക്കാനാണ് സാധ്യത. തിയറ്ററുകളില്‍ സിനിമ ഫിലിം റീലുകളായി പ്രദര്‍ശനത്തിനെത്തുന്ന കാലത്തെ സാധാരണ കാര്യങ്ങളില്‍ ഒന്നായിരുന്നു ഗ്യാപ്പ് പടങ്ങള്‍. രണ്ട് പ്രധാന റിലീസുകള്‍ക്കിടയില്‍ ലഭിക്കുന്ന ഗ്യാപ്പില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പഴയ ചിത്രങ്ങളാണ് ഇവ.

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

