ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ മലയാള ചിത്രം

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായ എമ്പുരാന്‍ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ അര്‍ധരാത്രിയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. പ്രീ സെയില്‍സ് മുതല്‍ ഫൈനല്‍ ​ഗ്രോസ് വരെ ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടായിരുന്നു എമ്പുരാന്‍റെ ജൈത്രയാത്ര. ഒടിടി ഡീലിലും ചിത്രം റെക്കോര്‍ഡ് തീര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം ലൂസിഫറിന്‍റെ സീക്വല്‍ എന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഒടിടിയില്‍ എത്തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. മറുഭാഷാ പ്രേക്ഷകരില്‍ ചിത്രം കണ്ടിട്ടില്ലാത്ത വലിയൊരു വിഭാ​ഗം ആളുകളിലേക്ക് ഒടിടിയിലൂടെ എമ്പുരാന്‍ എത്തും.

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്. 

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ മലയാള ചിത്രമായി മാറിയ എമ്പുരാന്‍റെ ആകെ ബിസിനസ് 325 കോടിയുടേത് ആയിരുന്നു. 2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവ് ആയിരുന്നു.

ALSO READ : 10 ലക്ഷം ബജറ്റില്‍ 'ലവ് യൂ'; കന്നഡയിലെ ആദ്യ എഐ സിനിമ തയ്യാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം