എം.സി ജോസഫ്  ഒരുക്കുന്ന ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, മധുബാല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. 

വികൃതി എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട് അവസാനം’. ചിത്രത്തിനായിട്ടുള്ള കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ വൈറലാവുന്നത്. റാപ് സോംഗ് ഉപയോഗിച്ചുള്ള ഒരു കാസ്റ്റിംഗ് കോള്‍ ആണ് അണിയപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. റിജക്ഷൻ റാപ് എന്ന പേരിലൊരു ​ഗാനത്തിനൊപ്പമാണ് വിഡിയോ. സിനിമയിൽ അവസരം തേടി അലഞ്ഞ് നിരാശനായി ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്. സിനിമ സ്വപ്നം കണ്ട് നടന്ന് താൻ കടന്നു പോകുന്ന പരിഹാസവും വിഷമവുമെല്ലാം വിശദമാക്കുന്നുണ്ട്. പാലത്തിന് മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നുണ്ടെങ്കിലും സംഭവിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾ സിനിമയെ വിട്ടാലും സിനിമ നിങ്ങളെ വിടില്ലെന്ന വാചകവുമായാണ് കാസ്റ്റിങ്ങ് കോൾ പ്രത്യക്ഷപ്പെടുന്നത്. അണിയറ പ്രവർത്തകരുടെ പുത്തൻ അവതരണ ശൈലിക്ക് മികച്ച അഭിപ്രായമാണ് നേടുന്നത്. പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്.

യഥുവും നിഥിനുമാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, മധുബാല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരിടവേളക്ക് ശേഷം മധുബാല മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.എ.ജെ.ജെ സിനിമാസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.