ആ 2.22 മിനിറ്റില്‍ എന്താവും? റിലീസ്‍ തൊട്ടുമുന്‍പ് സസ്പെന്‍സ്! ടൈഗര്‍ 3 തിയറ്ററുകളിലേക്ക്
ഒക്ടോബര്‍ 27 ന് സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം

ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളെ സല്‍മാന്‍ ഖാനോളം ഇളക്കിമറിച്ചിട്ടുള്ള താരങ്ങള്‍ അധികമില്ല. എന്നാല്‍ ബോളിവുഡ് തകര്‍ച്ച നേരിട്ട കൊവിഡ് അനന്തര കാലത്ത് ആ വിജയങ്ങള്‍ മറ്റ് പലരില്‍നിന്നും എന്നപോലെ സല്‍മാനില്‍ നിന്നും അകന്നുനിന്നു. എന്നാല്‍ സല്‍മാന്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ദീപാവലി റിലീസ് ആയി എത്തുന്ന ടൈഗര്‍ 3 ലാണ് അവരുടെ പ്രതീക്ഷ അതിന് പല കാരണങ്ങളുമുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്‍പ് ചിത്രം സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 27 ന് സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. യു/ എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2.33 മണിക്കൂര്‍ ആയിരുന്നു. അതിലേക്ക് 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള അഡീഷണല്‍ ഫുട്ടേജ് കൂടി അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് അത്. ഇതനുസരിച്ച് ചിത്രത്തിന്‍റെ പുതുക്കിയ ദൈര്‍ഘ്യം 2.36 മണിക്കൂര്‍ ആയിരിക്കും. 1.10 മണിക്കൂര്‍ ഉള്ള ആദ്യ പകുതിയും 1.25 മണിക്കൂര്‍ ഉള്ള രണ്ടാം പകുതിയുമാണ് ചിത്രത്തിന്. എന്നാല്‍ കൂട്ടിച്ചേര്‍ത്ത അധിക ദൃശ്യങ്ങളില്‍ എന്താണ് ഉള്ളതെന്ന വിവരം അണിയറക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച റിലീസ് ചെയ്യപ്പെടുന്നുവെന്ന അസാധാരണത്വവുമുണ്ട് ചിത്രത്തിന്. ദീപാവലി റിലീസ് ആയി എത്തുന്നത് കാരണമാണ് ഞായറാഴ്ച റിലീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 12 ഞായറാഴ്ചയാണ് ദീപാവലി. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം എന്നതാണ് ടൈഗര്‍ 3 ന്‍റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്‍ ഖാന്‍ പഠാനില്‍ എത്തിയതുപോലെ ഷാരൂഖ് ഖാന്‍ ടൈഗര്‍ 3 ലും എത്തുന്നുണ്ട്.
ALSO READ : മറ്റൊരു തമിഴ് താരത്തിലും തൊടാനാവാതിരുന്ന ഉയരം; അസാധാരണ നേട്ടവുമായി വിജയ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക