വ്യാജ പ്രചരണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഗോപിനാഥ് മുതുകാടിന്‍റെ വിശദീകരണം

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്‍റെ പേരിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ തന്‍റെ അഭിപ്രായമെന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആരുടെയോ വാചകങ്ങളാണ് തന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഗോപിനാഥ് മുതുകാടിന്‍റെ വിശദീകരണം. 'ഈശോ' എന്ന പേര് സിനിമയ്ക്ക് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തില്‍ മുതുകാട് പ്രതികരിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. 

"എന്‍റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്", വ്യാജ പ്രചരണത്തിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പം ഗോപിനാഥ് മുതുകാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. 'ഈശോ', നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക നമിത പ്രമോദ് ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന 'ഈശോ'യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona