Asianet News MalayalamAsianet News Malayalam

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധനയ്ക്കെതിരായ നിരാഹാരസമരം നാലാം ദിവസം

ഇന്ത്യയിലാകമാനം ബിജെപി ഗവൺമെൻറിന്റെ പൗരത്വ ബില്ലിനെതിരെ അതിശക്തമായ സമരം നടക്കുമ്പോൾ രാജ്യത്തെ  ഫിലിം സ്കൂൾ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. 

fee hike  Pune Film Institute students  hunger strike Fourth day
Author
India, First Published Dec 19, 2019, 8:42 PM IST

പുനെ: ഇന്ത്യയിലാകമാനം ബിജെപി ഗവൺമെൻറിന്റെ പൗരത്വ ബില്ലിനെതിരെ അതിശക്തമായ സമരം നടക്കുമ്പോൾ രാജ്യത്തെ  ഫിലിം സ്കൂൾ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന എഫ്ടിഐഐ പൂനെ, എസ്ആർഎഫ്ടിഐ കൊൽക്കത്ത എന്നീ രണ്ട് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി യൂണിയനുകൾ സംയുക്തമായാണ് പ്രവേശന പരീക്ഷയുടെയും കോഴ്സിന്റെയും ക്രമാതീതമായ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി നിരാഹാരസമരം നടത്തുന്നത്. 

എസ്ആർഎഫ്ടിഐ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും രണ്ടാം വർഷ ഡയറക്ഷൻ വിദ്യാർത്ഥിയുമായ മഹേഷ് കൃഷ്ണ, കൾച്ചറൽ സെക്രട്ടറിയും രണ്ടാം വർഷ എഡിറ്റിംഗ് വിദ്യാർത്ഥിയുമായ വിപിൻ വിജയ്, ഒന്നാം വർഷ അനിമേഷൻ വിദ്യാർത്ഥിയായ ഹരി ജയൻ എന്നീ മലയാളി വിദ്യാർത്ഥികളടക്കം രണ്ടിടത്തുമായി പന്ത്രണ്ട് പേരാണ് നിരാഹാരം കിടക്കുന്നത്. 

മുൻപ് രണ്ട് ഫിലിം സ്കൂളുകളിലേക്കും വെവ്വേറെ നടത്തിയിരുന്ന പ്രവേശന പരീക്ഷയെ സ്മൃതി ഇറാനി മന്ത്രിയായപ്പോഴാണ് ചെലവ് കുറക്കാൻ എന്ന വാദം ഉന്നയിച്ച് കൊണ്ട് ഏകീകരിച്ച് ജെഇടി എന്ന പേരിൽ ഒറ്റ പ്രവേശന പരീക്ഷയും ഏകജാലക സംവിധാനവുമാക്കുന്നത്. എന്നാൽ ഇത് ഫീസ് കുറച്ചില്ല, മറിച്ച് പ്രവേശന പരീക്ഷയുടെ ഫീസ് അഞ്ചിരട്ടിയോളം ഉയർത്തി 10000 രൂപയാക്കുകയും ചെയ്തു.

പ്രതിവർഷം ഫീസിൽ 10% വർദ്ധനവിനും 75% അറ്റന്റൻസ് ഇല്ലാത്ത വിദ്യാർത്ഥികളിൽ നിന്നും നഷടമാകുന്ന ഓരോ ശതമാനത്തിനും ആയിരം രൂപ എന്ന നിരക്കിൽ പ്രത്യേക ഫീസ് വാങ്ങണമെന്നുമാണ് പുതിയ നിർദ്ദേശം.  രാജ്യത്തെ മറ്റ് പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാo തുടർന്ന് വരുന്ന ഭരണഘടനാ വിരുദ്ധവും  ശത്രുതാപരവുമായ ഇതേ നയത്തിലൂടെ സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള അവസരം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം.  

പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം വികലമായ സിലബസ് പരിഷ്കാരങ്ങളിലൂടെയും അതി ഭീകരമായ ഫീസ് വർദ്ധനവിലൂടെയും  സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കി കൊണ്ട്  സ്വകാര്യ വാണിജ്യകേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡിസംബർ 27 ന് സമരവുമായി ബന്ധപ്പെട്ടുകൊണ്ട്  അടിയന്തിര ജനറൽ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്നതല്ലാതെ അനുഭാവപൂർണമായ തരത്തിൽ യാതൊരു നീക്കവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 

പ്രവേശന പരീക്ഷ ഫീസ് വർദ്ധന പിൻവലിക്കുക, കോഴ്സ് ഫീസിന്റെ 10% പ്രതിവർഷ വർദ്ധനവ് സംബന്ധിച്ച് തീരുമാനമാവുന്നത് വരെ പ്രവേശനം നിർത്തി വെക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.  സമരവുമായി ഏതറ്റം വരെ പോകാനും തങ്ങൾ ഒരുക്കമാണെന്നും  വിദ്യാർത്ഥികളും യുവജനങ്ങളും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ പൊതുജനത്തിന്റെ പിന്തുണ സമരത്തിന്റെ കൂടെയുണ്ടെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios