തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാടിന് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അനിൽ നെടുമങ്ങാട് ഇനി ദീപ്തമായ ഓർമ്മ. അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയസുഹൃത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ രാവിലെ മുതൽ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു. ഭാരത് ഭവനിൽ എത്തിയ പലരും വിങ്ങിപ്പൊട്ടി.

പിന്നെ ജന്മനാടായ നെടുമങ്ങാട്ടേക്ക് മൃതദേഹം എത്തിച്ചു. ഒൻപതരയോടെയായിരുന്നു സംസ്ക്കാരം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. തൊടുപുഴയിൽ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു.