ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമ നീതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സിനിമകളുടെ സെന്‍സറിംഗ് സംബന്ധിച്ച് സിബിഎഫ്‍സിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടികളും തീരുമാനങ്ങളും ചോദ്യം ചെയ്‍തുകൊണ്ട് ചലച്ചിത്രകാരന്മാര്‍ക്ക് സമീപിക്കാവുന്ന വേദിയായിരുന്നു അപ്പലേറ്റ് ട്രൈബ്യൂണല്‍. 1983ല്‍ സ്ഥാപിതമായ അപ്പലേറ്റ് ട്രൈബ്യൂണല്‍ സിബിഎഫ്‍സി പ്രദര്‍ശനം തടഞ്ഞിരുന്ന പല ചിത്രങ്ങളുടെയും റിലീസിന് കാരണമായിട്ടുണ്ട്.

ട്രൈബ്യൂണല്‍ ഇല്ലാതായതോടെ ഒരു ചിത്രത്തിന്‍റെ സെന്‍സറിംഗ് സംബന്ധിച്ച് സിബിഎഫ്‍സി എടുക്കുന്ന തീരുമാനങ്ങളില്‍ എതിര്‍പ്പുള്ള ചലച്ചിത്രകാരന്മാര്‍ നേരിട്ട് ഹൈക്കോടതികളെ സമീപിക്കേണ്ടിവരും. 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റിലെ 5ഡി വകുപ്പ് പ്രകാരമാണ് ദില്ലി ആസ്ഥാനമാക്കി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ 1983ല്‍ സ്ഥാപിതമായത്. 

ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രത്തില്‍ സിബിഎഫ്‍സി പ്രദര്‍ശനാനുമതി നിഷേധിച്ച പല ചിത്രങ്ങളുടെയും റിലീസ് സാധ്യമാക്കിയത് അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങളായിരുന്നു. 2017ല്‍ 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചിത്രത്തിന് സിബിഎഫ്‍സി പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോല്‍ സംവിധായിക അലംകൃത ശ്രീവാസ്‍തവ പരാതിയുമായി സമീപിച്ചത് ട്രൈബ്യൂണലിനെ ആയിരുന്നു. ചില എഡിറ്റുകള്‍ക്കു ശേഷം എ സര്‍ട്ടിഫിക്കറ്റും നല്‍കി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനായിരുന്നു ട്രൈബ്യൂണലിന്‍റെ നിര്‍ദ്ദേശം. 2016ല്‍ 'ഉഡ്‍താ പഞ്ചാബ്' എന്ന ചിത്രത്തിന് സിബിഎഫ്‍സി പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന അനുരാഗ് കശ്യപ് സമീപിച്ചതും ട്രൈബ്യൂണലിനെ ആയിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി നായകനായ 'ബാബുമോശൈ ബന്തൂക്ബാസ്' എന്ന ചിത്രത്തിന് സിബിഎഫ്‍സി 48 കട്ടുകള്‍ നിര്‍ദേശിച്ചപ്പോള്‍ അതിന്‍റെ സംവിധായകന്‍ കുശന്‍ നന്ദിയും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിലെല്ലാം ചലച്ചിത്രകാരന്മാരുടെ ഭാഗം കേട്ട് അനുഭാവത്തോടെയായിരുന്നു ട്രൈബ്യൂണലിന്‍റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് പരസ്യമായി പ്രതിഷേധമറിയിച്ച് രംഗത്തെത്തിയവരില്‍ ഹന്‍സാല്‍ മെഹ്‍ത, വിശാല്‍ ഭരദ്വാജ്, ഗുണീത് മോംഗ, റിച്ച ഛദ്ദ എന്നിവരൊക്കെയുണ്ട്. സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് സമയമുണ്ടാവുമോ എന്ന് ചോദിക്കുന്നു സംവിധായകന്‍ ഹന്‍സാല്‍ മെഹ്‍ത. സിനിമയെ സംബന്ധിച്ച് അത്രയും ദു:ഖകരമായ ദിനമാണിതെന്നാണ് സംവിധായകന്‍ വിശാല്‍ ഭരദ്വാദിന്‍റെ പ്രതികരണം.