മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അയ്യപ്പനും കോശിയും തീം സോംഗ് ആയ 'ആടകചക്കോ'യുടെ തെലുങ്ക് വേര്‍ഷനാണ് പുറത്തു വന്നിരിക്കുന്നത്. മലയാളത്തില്‍ ജേക്‌സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ്. തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് പതിപ്പാണ് ഇതിലുള്ളത്. ബിജു മേനോന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തിയ കഥാപാത്രം തെലുങ്കില്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞാണ് എത്തുന്നത്. 

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസാവസാനമായിരുന്നു പുനരാരംഭിച്ചത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona