Asianet News MalayalamAsianet News Malayalam

'ചിരിയാണല്ലോ മനുഷ്യന് ഒരു സമാധാനം'; കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്‍റെ വീഡിയോ

1992ല്‍ നടന്ന ഗള്‍ഫ് പര്യടനത്തിനിടെ ഖത്തറില്‍ വച്ച് കലാഭവന്‍ മണി നല്‍കിയ അഭിമുഖമാണ് ഇത്. മണിയുടെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്.

first interview of kalabhavan mani is out now
Author
Thiruvananthapuram, First Published Aug 4, 2020, 11:32 PM IST

കലാഭവന്‍ മണിയുടെ അപൂര്‍വ്വ വീഡിയോ അഭിമുഖം പുറത്ത്. മണി കലാഭവന്‍ താരമായിരുന്ന കാലത്ത്, 1992ല്‍ നടന്ന ഗള്‍ഫ് പര്യടനത്തിനിടെ ഖത്തറില്‍ വച്ച് ഏ വി എം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇത്. കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഏവിഎം ഉണ്ണി ആര്‍ക്കൈവ്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തെത്തിയിരിക്കുന്നത്. ഒറ്റയ്ക്ക് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കലാകാരന്‍ എന്ന നിലയില്‍ നിന്നുമാറി കലാഭവന്‍ എന്ന പ്രശസ്ത ട്രൂപ്പിന്‍റെ ഭാഗമായതിലുള്ള അഭിമാനം മണിയുടെ വാക്കുകളില്‍ കാണാം.

ചിരിയെക്കുറിച്ചും മിമിക്രി വേദിയിലേക്കെത്തുന്ന യുവതലമുറയോട് തനിക്കുള്ള നിര്‍ദേശത്തെക്കുറിച്ചുമൊക്കെ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ മണി മനസ് തുറക്കുന്നുണ്ട്. 'മിമിക്രി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ' എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് മണിയുടെ മറുപടി ഇങ്ങനെ- "ഗുണം ചെയ്യും. പണിയെടുത്ത് തളര്‍ന്ന് വൈകിട്ട് വീട്ടിലെത്തുന്നവര്‍ക്ക്, മിമിക്രി പരിപാടിയുടെ ഒരു വീഡിയോ കാസറ്റ് ഇട്ടുകണ്ടാല്‍ ഒരു സമാധാനം കിട്ടും. ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം", കലാഭവന്‍ മണി പറയുന്നു. മിമിക്രിയിലേക്കെത്തുന്ന യുവാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന് ഇങ്ങനെയും മറുപടി പറയുന്നു അദ്ദേഹം- "കഠിനാധ്വാനം ചെയ്യണം. മിമിക്രി എന്നു പറയുമ്പോള്‍ എളുപ്പമായ ഒരു കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. എളുപ്പമല്ല, ഭയങ്കര ബുദ്ധിമുട്ട് പിടിച്ച ഒരു പരിപാടി തന്നെയാണ് മിമിക്രി".

1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് ഏ വി എം ഉണ്ണിയെന്ന മുഹമ്മദ് ഉണ്ണി. ഗള്‍ഫിലെത്തിയ അനേകം ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും ഛായാഗ്രാഹകനുമായ ലുഖ്‍മാനുള്‍ ഹക്കീം ആണ് യുട്യൂബ് ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നും പല അപൂര്‍വ്വ അഭിമുഖങ്ങളും ഈ ചാനല്‍ വഴി പുറത്തുവിടാനാണ് പദ്ധതി. 

Follow Us:
Download App:
  • android
  • ios