ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ഫോറന്‍സിക്കി'ന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പ്രേക്ഷകരിലേക്ക്. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോമായ അഹ വീഡിയോയിലൂടെ വെള്ളിയാഴ്ചയാണ് സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്‍റെ ഒറിജിനല്‍ മലയാളം പതിപ്പ് നിലവില്‍ നെറ്റ്ഫ്ളിക്സില്‍ ലഭ്യമാണ്.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് ഏഴിന് ആയിരുന്നു. കൊവിഡ് അനന്തരം തീയേറ്ററുകള്‍ തുറന്ന ദുബൈയില്‍ ചിത്രം മെയ് അവസാനം റീ റിലീസ് ചെയ്തിരുന്നു.