'ഞാന്‍ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !', കന്നഡ ബിഗ് ബോസ് താരവും നടിയും മോഡലുമൊക്കെയായ ജയശ്രീ രാമയ്യ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ കുറിച്ച വരിയായിരുന്നു ഇത്. ഫേസ്ബുക്കില്‍ 21,000ന് മുകളില്‍ ഫോളോവേഴ്‍സ് ഉള്ള ആളാണ് ജയശ്രീ. അതിനാല്‍ ഈ പോസ്റ്റ് വളരെവേഗം പൊതുശ്രദ്ധയിലെത്തി. ആരാധകര്‍ പോസ്റ്റിനുതാഴെ പ്രിയതാരത്തോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ അവരെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഫോണ്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുന്ന സ്വഭാവമുള്ള ജയശ്രീയെ അവര്‍ക്കൊന്നും ഫോണില്‍ ലഭിച്ചില്ല. ആശങ്കയുടെ മണിക്കൂറുകള്‍. ഒടുവില്‍ ഏതാനും മണിക്കൂറുകള്‍ക്കകം ജയശ്രീയുടെ അക്കൗണ്ടില്‍ നിന്ന് പ്രസ്തുത പോസ്റ്റ് അപ്രത്യക്ഷമായി. പകരം മറ്റൊരു പോസ്റ്റ് വന്നു. 'എനിക്കിപ്പോള്‍ കുഴപ്പമില്ല, സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരോടും സ്നേഹം..'

എന്നാല്‍ ഈ രണ്ട് ഫോസ്ബുക്ക് പോസ്റ്റുകള്‍ക്കിടയിലുള്ള ഏതാനും മണിക്കൂറുകള്‍ ജയശ്രീയുടെ അടുത്ത സുഹൃത്തുക്കള്‍ നേരിട്ട മാനസിക സംഘര്‍ഷം ഏറെ വലുതായിരുന്നു. തികച്ചും വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ക്കപ്പുറം വിനോദ മേഖലയിലെ തൊഴിലില്ലായ്‍മ ഈ മേഖലയിലെ പലരെയും വിഷാദത്തിലേക്ക് തള്ളിയിടുന്നുണ്ടെന്ന് ജയശ്രീയുടെ അടുത്ത സുഹൃത്തും നടിയുമായ അദ്വിതി ഷെട്ടി പറയുന്നു. "ജയശ്രീയുമായി ഏറെ അടുപ്പമുള്ള ആളാണ് ഞാന്‍. അവളുടെ കാര്യങ്ങളൊക്കെ അറിയാം. കുറച്ചു ദിവസം മുന്‍പു കൂടി ഞാന്‍ അവളുമായി ചാറ്റ് ചെയ്‍തിരുന്നതാണ്. എപ്പോള്‍ ആള്‍ ഓകെ ആയിരുന്നു. പെട്ടെന്ന് ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. നേരിട്ട് കാണുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി സംസാരിക്കണം", അദ്വിതി ഇ ടൈംസിനോട് പറഞ്ഞു.

താന്‍ സുരക്ഷിതയാണെന്ന ജയശ്രീയുടെ പുതിയ ഫേസ്ബുക്കിന് താഴെ ഏറ്റവുമധികം ലൈക്കുകള്‍ നേടിയ റിപ്ലൈയും അദ്വിതിയുടേതാണ്. "എപ്പോഴും കരുത്തോടെയിരിക്കുക. നീയൊരു ഉറപ്പുള്ള പെണ്‍കുട്ടിയാണ്, അത് നിനക്കും അറിയാം. ഒരുപാട് ആളുകള്‍ ഉണ്ട് നിനക്ക്", എന്നായിരുന്നു അദ്വിതിയുടെ കമന്‍റ്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയരംഗത്തേക്കെത്തിയ ജയശ്രീയുടെ അരങ്ങേറ്റം ഇമ്രാന്‍ സര്‍ദാരിയയുടെ 'ഉപ്പു ഹുളി ഖര' എന്ന ചിത്രത്തിലൂടെ ആയിരുന്നു. കന്നഡ ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ഥിയുമായിരുന്നു ജയശ്രീ.