തമിഴകത്തെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് തുള്ളാതെ മനമും തുള്ളും.  എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വിജയ് ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ എഴിലിന് പിന്നീട് അത്രത്തോളം ഹിറ്റ് സ്വന്തമാക്കാനായിരുന്നില്ല. എന്തായാലും വലിയ ഹിറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എഴില്‍. വിജയ്‍യെ പ്രേക്ഷകരുടെ പ്രിയ നടനാക്കിയ എഴില്‍ ഇത്തവണ നായകനാക്കുന്നത് ജി വി പ്രകാശിനെയാണ്.

ആയിരം ജന്മങ്ങള്‍ എന്ന ചിത്രമാണ് ജി വി പ്രകാശിനെ നായകനാക്കി എഴില്‍ ഒരുക്കുന്നത്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ അതേപേരാണ് ജി വി പ്രകാശിന്റെ സിനിമയ്‍ക്കായും എഴില്‍ സ്വീകരിച്ചിരിക്കുന്നത്. 1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജന്മങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.  സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.