തമിഴകത്ത് ഒട്ടേറെ ചിത്രങ്ങളാണ് ജി വി പ്രകാശ് കുമാര്‍ നായകനായി ഒരുങ്ങുന്നത്. സംഗീത സംവിധായകനായി തിളങ്ങിയ ജി വി പ്രകാശ് കുമാര്‍ സംഗീതത്തിനു പുറമേ അഭിനയത്തിലും ശ്രദ്ധ ചെലുത്തുകയാണ്. ട്രാപ് സിറ്റിയെന്ന ഹോളിവുഡ് ചിത്രത്തിലും ജി വി പ്രകാശ് അഭിനയിക്കുന്നുണ്ട്. അതേ സമയം തമിഴകത്ത് ഒരു ഹൊറര്‍ ചിത്രത്തിലും ജി വി പ്രകാശ് കുമാര്‍ നായകനാകുകയാണ്. ആയിരം ജൻമങ്ങള്‍ എന്ന സിനിമയിലാണ് ജി വി പ്രകാശ് കുമാര്‍ നായകനാകുന്നത്.

ആയിരം ജൻമങ്ങള്‍ സംവിധാനം ചെയ്യുന്നത് എഴില്‍ ആണ്. തമിഴിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ തുള്ളാതെ മനമും തുള്ളും എന്ന സിനിമ ഒരുക്കിയ എഴില്‍ വലിയ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. വിജയ്‍യെ പ്രേക്ഷകരുടെ പ്രിയ നടനാക്കിയ എഴില്‍ ഇത്തവണ നായകനാക്കുന്നത് ജി വി പ്രകാശ് കുമാറിനെയാണ്. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിനും സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജൻമങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഹൊറര്‍ കോമഡിയായിട്ടാണ് ജി വി പ്രകാശിന്റെ ചിത്രം ഒരുക്കുന്നത്.  ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.  സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.