ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ വസ്തുത പലപ്പോഴും ട്രോള്‍ ആയിപ്പോലും പരാമര്‍ശിക്കപ്പെടാറുമുണ്ട്. അക്കൂട്ടത്തില്‍ റിലീസ് നീണ്ടുപോകുന്നതിന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം. എന്നാല്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഒരുപാട് ജോലികള്‍ നിലവില്‍ അവശേഷിക്കുന്നില്ലെന്ന് പറയുന്നു സംവിധായകന്‍. ചിത്രം റിലീസിലേക്ക് അടുക്കുകയാണെന്നും.

ഗായകന്‍ കാര്‍ത്തിക്, പാട്ടെഴുത്തുകാരന്‍ മദന്‍ കാര്‍കി, കൊറിയോഗ്രാഫര്‍ സതീഷ് കൃഷ്‍ണന്‍ എന്നിവര്‍ക്കൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ധ്രുവനച്ചത്തിരത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഗൗതം മേനോന്‍ പറഞ്ഞത്. വിക്രത്തിന്‍റെ ഡബ്ബിംഗ് ഉള്‍പ്പെടെ ചിലത് മാത്രമേ ഇനി പോസ്റ്റ് പ്രൊഡക്ഷനില്‍ അവശേഷിക്കുന്നുള്ളുവെന്നാണ് ഗൗതം മേനോന്‍ അറിയിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

A chat...

A post shared by Gautham Vasudev Menon (@gauthamvasudevmenon) on Jun 9, 2020 at 6:16am PDT

ധ്രുവനച്ചത്തിരം കൂടാതെ മുന്നിലുള്ള വിവിധ പ്രോജക്ടുകളെക്കുറിച്ചും സംഭാഷണത്തിനിടെ ഗൗതം മേനോന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ മാറിയാല്‍ ഷൂട്ടിംഗ് പുനരാരംഭിക്കേണ്ട ചിത്രം വരുണ്‍ നായകനാവുന്ന 'ജോഷ്വ' ആണ്. ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിനുവേണ്ടി ഒരു വെബ് സിരീസ് ഒരുക്കുന്നുണ്ടെന്നും നെറ്റ്ഫ്ളെക്സിനുവേണ്ടി ചെയ്യുന്ന ഒരു പ്രോജക്ട് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു.