'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട പാര്‍വ്വതിക്കും പരസ്യ പ്രതികരണം നടത്തിയ രേവതിക്കും പത്മപ്രിയക്കും ഐക്യദാര്‍ഢ്യവുമായി സംവിധായിക ഗീതു മോഹന്‍ദാസ്. തങ്ങള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ലെന്നും ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ലെങ്കിലും ഭാവിതലമുറ ആ നിലപാടുകള്‍ ഏറ്റെടുക്കുമെന്നും ഗീതു അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ഗീതു മോഹന്‍ദാസിന്‍റെ അഭിപ്രായപ്രകടനം.

"പ്രിയപ്പെട്ട പാർവ്വതി, രേവതിച്ചേച്ചി, പത്മപ്രിയ.. നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും  കരുത്തും ആശംസിക്കട്ടെ. നമ്മൾ തിരഞ്ഞെടുത്ത വഴികൾ സുഗമമല്ല. ഇന്ന്  നാം നടത്തുന്ന  വിപ്ലവങ്ങൾ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാൽ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയർത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല.  നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്.  ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ  നമുക്ക്  ആഘോഷിക്കാം", ഗീതു മോഹന്‍ദാസ് കുറിച്ചു.

അക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയെ 'മരിച്ചവരുമായി' താരതമ്യപ്പെടുത്തിയ 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി ദിവസങ്ങള്‍ക്കു മുന്‍പ് സംഘടനയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ 'അമ്മ' തുടരുന്ന മൗനത്തിനെതിരെയാണ് രേവതിയും പത്മപ്രിയയും തുറന്ന കത്തുമായി ഇന്ന് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ സംഘടന നിലപാട് വ്യക്തമാക്കണമെന്നും പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിലപാടെന്തെന്ന് തങ്ങളോട് ചോദിക്കുന്ന മാധ്യമങ്ങള്‍ ആ ചോദ്യം ചോദിക്കേണ്ടത് 'അമ്മ' നേതൃത്വത്തോടാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട കത്തില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നു.