നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ ആഹ്ലാദം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് മകന്‍ ഗോകുല്‍ സുരേഷ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സിനൊപ്പം ഗോകുല്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. പ്രിയപ്പെട്ട ചാലു ഇക്കയുടെ (ദുല്‍ഖര്‍) വേഫെയറര്‍ ഫിലിംസിന്റെ, അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റ ചിത്രത്തിന്റെ സെറ്റില്‍ അച്ഛന്‍ ജോയിന്‍ ചെയ്തിരിക്കുന്നു. ഏറെ ആവേശകരമാണ് ഇത്.'

എം മോഹനന്റെ സംവിധാനത്തില്‍ 2015 ഡിസംബറില്‍ റിലീസ് ചെയ്യപ്പെട്ട 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി അവസാനം പുറത്തുവന്ന ചിത്രം. അതേവര്‍ഷം ജനുവരിയില്‍ പുറത്തെത്തിയ ഷങ്കറിന്റെ തമിഴ് ചിത്രം 'ഐ'യിലും സുരേഷ് ഗോപിക്ക് വേഷമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായതോടെ അദ്ദേഹം സിനിമകളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു.

അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ശോഭന, പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണസംരംഭമാണ് ചിത്രം.